ബഹ്‌റൈനില്‍ മരണസംഖ്യ നാലായി; ഇന്ന് മുതല്‍ ഭാഗിക കര്‍ഫ്യൂ

അശ്‌റഫ് തൂണേരി

ദോഹ: ബഹ്റൈനില്‍ കൊറോണ വൈറസ് (കോവിഡ്19) ബാധിച്ച് ഒരു സ്വദേശി കൂടി മരിച്ചതായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ബഹ്റൈനില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇന്ന് മുതല്‍ ഭാഗിക കര്‍ഫ്യൂ ആരംഭിക്കുന്നതോടെ രാജ്യത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കുകയാണ് സര്‍ക്കാര്‍.

വയസ്സുള്ള സ്വദേശി പുരുഷനാണ് മരണപ്പെട്ടത്. വിട്ടുമാറാത്ത രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോവിഡ് ബാധിതനായ മറ്റൊരാളുമായ സമ്പര്‍ക്കമാണ് രോഗം പടരാന്‍ കാരണം. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാളുടെ നില മാത്രമാണ് ഗുരുതരമായി തുടരുന്നത്. ബാക്കിയുള്ളവരുടെയെല്ലാം ആരോഗ്യനില സുസ്ഥിരമാണ്. കോവിഡ്19നെ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ബഹ്റൈന്‍ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതായി സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ലെഫ്റ്റനന്റ് ജനറല്‍ ഡോ.ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ഖലീഫ പറഞ്ഞു. ചികിത്സാകേന്ദ്രങ്ങളില്‍ നിലവിലെ ശേഷി 1667 ആണ്. ഇത് തന്നെ നിലവിലെ സാഹചര്യത്തിന് പര്യാപത്മാണ്.ഇതില്‍ 225 കിടക്കകളില്‍ മാത്രമാണ് രോഗികളുള്ളത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ കിടക്കകളുടെ എണ്ണം 2504 ആണ്. ഇതില്‍ 172 കിടക്കകളില്‍ മാത്രമാണ് ആളുകളുള്ളത്. കോവിഡ് തിരിച്ചറിയുന്നതിനായി 28,000 പരിശോധനകളാണ് രാജ്യം നടത്തിയത്.

ഇന്നു മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ പതിനാല് ദിവസത്തേക്കാണ് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് നീളാനുമിടയുണ്ട്. താമസസ്ഥലങ്ങളുടെ പുറത്ത് പൊതുഇടങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ പാടില്ല. പൊതുപാര്‍ക്കുകളിലും ബീച്ചുകളിലും ഒത്തുചേരല്‍ വിലക്കിയിട്ടുണ്ട്. ഭക്ഷ്യ വിതരണം ചെയ്യുന്നവ, മെഡിക്കല്‍സ് തുടങ്ങി ഇളവുകള്‍ അനുവദിച്ച ചില സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ വാണിജ്യകേന്ദ്രങ്ങളും ക്ച്ചവട സ്ഥാപനങ്ങളും നിര്‍ബന്ധമായും അടച്ചിടണം. നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ബഹ്റൈന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

SHARE