കൊച്ചി: പകര്‍ച്ചവ്യാധിയാവുന്നതോടെ കേരളത്തില്‍ ഏകദേശം 65 ലക്ഷം പേര്‍ക്ക് കോവിഡ് 19 ബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍. പൊതുസമ്മേളനങ്ങള്‍ അവസാനിപ്പിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി വൈറസ് പടരാതിരിക്കാന്‍ എടുക്കേണ്ട നിയന്ത്രണങ്ങളില്‍ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിലാണ് ഐഎംഎ കണക്കുകള്‍ വ്യക്തമാക്കിയത്.
ഒരു കൊറോണ രോഗിയില്‍ നിന്നും വൈറസിന് രണ്ട് മുതല്‍ നാല് വരെ വ്യക്തികളിലേക്ക് പടരാനുള്ള സാധ്യതയാണുള്ളതെന്നും.
അതായത്, ഒരാളില്‍ നിന്ന് രണ്ടു പേരിലേക്കും, രണ്ട് പേരില്‍നിന്ന് നാലാളിലേക്കും, പിന്നെ എട്ട് എന്നിങ്ങനെയാവും പകര്‍ച്ച.
ഇങ്ങനെ രോഗം പടരുകയാണെങ്കില്‍ കേരളം മുഴുവന്‍, ഏകദേശം 65 ലക്ഷം പേരില്‍ രോഗം പടരുമെന്നാണ് കത്തില്‍ പറയുന്നത്.
ഇത്രയും രോഗികളെ ചികിത്സിക്കാനുള്ള കിടക്കകളോ മറ്റു സൗകര്യങ്ങളോ കേരളത്തിലില്ലെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.
പൊതുതാല്‍പര്യത്തിനായാണ് കത്ത് അയച്ചതെന്നും വിഷയത്തില്‍ സമഗ്രമായ വിലയിരുത്തല്‍ നടത്തിയ ശേഷമാണിതെന്നും ഐഎംഎ കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ അറിയിച്ചു. ഒരു ഡാം തകര്‍ന്നു ഗ്രാമത്തിലാകെ വെള്ളപ്പൊക്കമുണ്ടായതിന് ശേഷം ഷട്ടറുകള്‍ അടയ്ക്കുന്നതിന് തുല്യമാണ് രോഗവ്യാപനത്തിനെതിരെ പോരാടുന്നതിനുള്ള കര്‍ശന നടപടികള്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കപ്പല്‍ യാത്രികരായ 3,700 പേരില്‍, 700 പേരെ വൈറസ് ബാധിച്ചതായാണ് കണക്കെന്നും, ഇത് 19 ശതമാനമോ അല്ലെങ്കില്‍ അഞ്ചില്‍ ഒന്നോ ആണ് സൂചിപ്പിക്കുന്നത്.
കേരളം മുഴുവന്‍, 19 ശതമാനം ആളുകള്‍ക്ക് കോവിഡ്19 ലഭിച്ചാല്‍, അത് 65 ലക്ഷം രോഗികളായിരിക്കും. ഇവയില്‍, കുറഞ്ഞത് 15 ശതമാനത്തിന് (അതായത് 9,40,000)ആളുകള്‍ക്ക് ശരാശരി 10 ദിവസത്തേക്ക് ആസ്പത്രി ചികിത്സ ആവശ്യമാണ്. ഇവരില്‍ 25 ശതമാനം (2,35,125) ആളുകള്‍ക്ക് ഐസിയുവും ആവശ്യമാണ്. കണക്കുകള്‍ പ്രകാരം മരണനിരക്ക് 2,27,000 ആയിരിക്കും.
എന്നാല്‍, ഏറ്റവും കുറഞ്ഞ എഴ് ശതമാനം പടര്‍ച്ചയാണ് വൈറസിന് ഉണ്ടാകുന്നതെങ്കില്‍ തന്നെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞത് 24 ലക്ഷമായിരിക്കും. ഇതിന് പോലുമുള്ള സൗകര്യങ്ങള്‍ നിലവിലില്ല. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്നത് മുന്നില്‍ കണ്ട് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും അടിയന്തിര നടപടികള്‍ ഉടനുണ്ടാകണമെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണ വൈറസിനെതിരെ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചുള്ള കത്തിലെ നിര്‍ദ്ദേശങ്ങള്‍
- വൈറസിന്റെ സാധ്യതയുള്ള എല്ലാ മേഖലകളില്‍ നിന്നും ആളുകള്‍ മാറിനില്‍ക്കണം.
- അടുത്ത വ്യക്തിയില്‍ നിന്ന് കുറഞ്ഞത് ആറടി ദൂരമെങ്കിലും മാറി നിലനിര്‍ത്തണം, ആറടി ഒരു വ്യക്തിയില്‍ നിന്നും പടരാന്‍ സാധ്യത വ്യാപന സാധാരണ പരിധിയാണ്.
- പ്രതിസന്ധി അവസാനിക്കുന്നതുവരെ ആളുകള്‍ പ്രാര്‍ത്ഥികള്‍ സ്വന്തം വീടുകളില്‍ ആക്കട്ടെ.
- ചെറുപ്പക്കാരായ യുവാക്കളാണ് വൈറസുകളെ ചുമക്കുന്ന ‘സൂപ്പര്‍ സ്‌പ്രെഡറുകള്‍’, അതുകൊണ്ട് ഇവര്‍ കൂടിചേരാന്‍ സാധ്യത കൂടുതലുള്ള പൊതുസമ്മേളനങ്ങള്‍ നിര്‍ത്തണം