കോവിഡ്19 : അമേരിക്കയില്‍ മരണം ആറായി; ഇന്ത്യയില്‍ കനത്ത ജാഗ്രത

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയേറ്റ് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ച് നാല് പേരാണ് ഇന്നലെ അമേരിക്കയില്‍ മരിച്ചത്. അമേരിക്കയില്‍ ഇതുവരെ 75 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും സഹായമെത്തി.
കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തില്‍ സഹായമാവുന്ന എട്ട് ടണ്‍ മരുന്നുകളും ടെസ്റ്റ് കിറ്റുകളും ഉള്‍പ്പെടെയാണ് സംഘമെത്തിയത്.
ഇറാനില്‍ കൊറോണമൂലം ഇതുവരെ 66 മരണമാണ് സംഭവിച്ചത്. 1,501 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

https://twitter.com/DrTedros/status/1234499986114719744

അതേസമയം ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇറ്റലിയില്‍ 1,835 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്.
ഇന്തോനേഷ്യയിലും കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവടെ 19 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയ്ക്ക് പുറത്ത് ഏറ്റവുധികം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. 4,812 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 28 പേരാണ് ദക്ഷിണ കൊറിയയില്‍ മരിച്ചിട്ടുള്ളത്.

അതേസമയം ഇന്ത്യയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് പരിശോധനകള്‍ കര്‍ശനമാക്കി. ഡല്‍ഹയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. കേരളത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരെയും രക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യയില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലേക്ക് കൊവിഡ് രോഗബാധ പടരുകയാണ്. ഇതോടെ രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. 12 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് കര്‍ശനമായി പരിശോധിക്കുന്നത്.

കൊറോണ ബാധ സംശയിക്കുന്ന 23 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഡല്‍ഹിയില്‍ കൊറോണ ബാധിച്ച ആള്‍ ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസസമയം ദക്ഷിണകൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജ്യത്തുള്ളവരോട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്‌വര്‍ധന്‍ സിങ് ആവശ്യപ്പെട്ടു.

കേരളത്തില്‍ കൊവിഡ് 19 ബാധിച്ച് നിലവില്‍ ആരും ചികിത്സയിലില്ല. എ്ന്നാല്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുള്‍പ്പടെ നിരവധിപ്പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആസ്പത്രി വിട്ടത്.
ഇതിനിടെയാണ് അമേരിക്കയടക്കം നിരവധി വിദേശരാജ്യങ്ങളില്‍ കൊവിഡ് 19 ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ നിലവില്‍ സംസ്ഥാനം കൊവിഡ് 19 വിമുക്തമായി എന്ന് പറയാനാകില്ലെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
ലോകത്താകെ വൈറസ് ബാധിതരുടെ എണ്ണം 90,912 കവിഞ്ഞു. രോഗം ബാധിച്ച് മരിച്ചവര്‍ 3,117 ആയി. 47,984 പേര്‍ രോഗവിമുക്തി നേടിയിട്ടുമുണ്ട്.