ന്യൂയോര്‍ക്ക്: കോവിഡ് രോഗവ്യാപനം തീവ്രമായി തന്നെ തുടരുകയാണ്. ദിനംപ്രതി രോഗത്തിന്റെ ലക്ഷണങ്ങളും മാറിവരുന്നു. വാക്സിന് പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. ഇതിനിടെ മൂന്നു ലക്ഷണങ്ങള്‍ കൂടെ രോഗത്തിന്റേതായി യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ഉള്‍പ്പെടുത്തി. മൂക്കൊലിപ്പ്, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് കൊവിഡിന്റെ പുതിയ ലക്ഷണങ്ങള്‍. ഇതോടെ ഏകദേശം 12 കോവിഡ് ലക്ഷണങ്ങളാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
പനി അല്ലെങ്കില്‍ വിറയലോടുകൂടിയ തണുപ്പ്, ക്ഷീണം, ശ്വാസതടസം, ചുമ, ശരീരവേദന, മണമോ രുചിയോ നഷ്ടപ്പെടല്‍, തലവേദന, തൊണ്ടവേദന തുടങ്ങിയവയാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ ലിസ്റ്റില്‍ മുന്‍പുള്ള ലക്ഷണങ്ങള്‍.
എല്ലാ ലക്ഷണങ്ങളും ഈ പട്ടികയില്‍ ഇല്ലെന്നും പഠനങ്ങള്‍ പുരോഗമിക്കുമ്പോള്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കുമെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. മാത്രമല്ല, രണ്ടുമുതല്‍ 14 ദിവസങ്ങള്‍ക്ക് ശേഷവും കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമെന്നും പറയുന്നു.