സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം


തിരുവനന്തപുരം: ശനിയാഴ്ച മരിച്ച പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂന്തുറയില്‍ ശനിയാഴ്ച മരിച്ച മരിയദാസിനാണ് കൊവിഡ് സ്ഥിരീകരിച്ച്ത്. 70 വയസായിരുന്നു. കൊവിഡ് സൂപ്പര്‍ സ്പ്രെഡ് ഭീഷണിയിലുള്ള പൂന്തുറയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. ശനിയാഴ്ച രാവിലെയാണ് മരിയദാസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുരോഗിയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂരും കോട്ടയത്തുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അറുപത്തി മൂന്നുകാരിയായ ആയിഷ ഹജ്ജുമ്മയാണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. പാറത്തോട് സ്വദേശിയായ അബ്ദുള്‍ സലാമാണ് കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാമിന് വൃക്ക രോഗവും പ്രമേഹവുമുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

SHARE