ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചു; ശുഭപ്രതീക്ഷ

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടെ ശുഭപ്രതീക്ഷ നല്‍കി ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണം ഡല്‍ഹി എയിംസില്‍ തുടങ്ങി. കോവാക്‌സിന്റെ ആദ്യഡോസ് നല്‍കിയത് മുപ്പതുകാരനാണ്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കും. ആദ്യ രണ്ട് മണിക്കൂര്‍ ഡോക്ടര്‍മാരുടെ പൂര്‍ണനിരീക്ഷണത്തിലായിരിക്കും.

വീട്ടിലേക്ക് അയക്കുമെങ്കിലും നിരീക്ഷണത്തില്‍ തന്നെ ആയിരിക്കും. ഐസിഎംആറുമായും നാഷനല്‍ വൈറോളജി ഇന്‍സ്റ്റ്യൂട്ടുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. ഡോ. കൃഷ്ണ ഇല്ലായുടെ നേതൃത്വത്തിലുള്ള ഭാരത് ബയോടെക് 20 വര്‍ഷത്തോളമായി ഗവേഷണ മേഖലയില്‍ സജീവമാണ്.

ബയോ പോളിയോ, എച്ച്എന്‍ വാക്, പേവിഷ ബാധക്കെതിരെയുള്ള ഇന്ദിരാബ്, ജപ്പാന്‍ ജ്വരത്തിനെതിരെയുള്ള ജെന്‍വാക്, കുഞ്ഞുങ്ങളിലെ വയറിളക്കത്തിനെതിരെയുള്ള റോട്ട വാക് തുടങ്ങി നിരവധി വാക്സിനുകളും അനേകം മരുന്നുകളും സംഭാവന ചെയ്തിട്ടുള്ളവരാണ് ഭാരത് ബയോടെക്.

SHARE