മുംബൈ: കോടതി മുറിയിലിരിക്കെ ജഡ്ജിയെ പാമ്പു കടിച്ചു. പനവേലില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനാണ് കോടതി മുറിയില്‍ നിന്ന് പാമ്പു കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.
കോടതി രണ്ടിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കോടതിയില്‍ ചേംബറിലിരിക്കുകയായിരുന്നു മജിസ്‌ട്രേറ്റ് സി.പി.കാഷിദ്. ഈ സമയത്താണ് ഇടതുകൈയില്‍ പാമ്പു കടിയേല്‍ക്കുന്നത്. തുടര്‍ന്ന് പനവേല്‍ സബ് ഡിവിഷണല്‍ ആസ്പത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ഗാന്ധി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആസ്പത്രിയില്‍ നിന്ന് ചികിത്സക്കുശേഷം വൈകുന്നേരത്തോടെ അദ്ദേഹം ആസ്പത്രി വിട്ടു. എന്നാല്‍ വിഷമില്ലാത്ത ഇനത്തില്‍ പെട്ട പാമ്പാണ് മജിസ്‌ട്രേറ്റിനെ കടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാമ്പു പിടുത്തക്കാരനെ വരുത്തി പിടികൂടിയ ശേഷം പാമ്പിനെ കാട്ടിലേക്ക് തുറന്നുവിട്ടു. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിക്കെട്ടിടത്തിന്റെ പിന്‍ഭാഗം ആളൊഴിഞ്ഞ പ്രദേശമാണ്.