ഭാര്യ സിന്ദൂരം തൊട്ടില്ല; ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി

ഗുവാഹത്തി: ഭാര്യ സിന്ദൂരം തൊട്ടില്ലെനന്ന കാരണത്താല്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി. അസമിലെ ഗുവാഹത്തി ഹൈക്കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. ഭര്‍ത്താവാണ് വിവാഹത്തിന്റെ പ്രതീകമായ സിന്ദൂരവും വളയും ധരിക്കാന്‍ ഭാര്യ തയാറാകുന്നില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ആവശ്യത്തിന്മേല്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബക്കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

വളയും സിന്ദൂരവും ധരിക്കാന്‍ വിസമ്മതിക്കുന്നതു മൂലം അവര്‍ അവിവാഹിതയാണെന്നു കാണിക്കുമെന്നും അല്ലെങ്കില്‍ വിവാഹ ബന്ധത്തെ അംഗീകരിക്കാനുള്ള അവരുടെ വൈമനസ്യത്തെ കാണിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഈ നിലപാട് ഭാര്യയ്ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്നു കാണിക്കുന്നുവെന്നും ജൂണ്‍ 19ന് വന്ന വിധിന്യായത്തില്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബയും ജസ്റ്റിസ് സൗമിത്ര സൈകിയയും പറയുന്നു.

2012 ഫെബ്രുവരി 17നാണ് ഇരുവരും വിവാഹിതരായത്. അധികം വൈകാതെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കാനാവില്ലെന്ന നിലപാടാണ് ഭാര്യ ആദ്യം സ്വീകരിച്ചത്. പിന്നീട് 2013 ജൂണ്‍ 30 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണു ജീവിക്കുന്നത്. ഇതിനുപിന്നാലെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുകയാണെന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഈ പരാതി അവര്‍ക്കു തെളിയിക്കാനായില്ല.

SHARE