ഭര്‍ത്താവിനെ മര്‍ദിച്ച പൊലീസുകാരനെ തിരിച്ചുതല്ലി ഭാര്യ; വീഡിയോ വൈറല്‍

ചെന്നൈ: തമിഴ്‌നാട് വിഴുപുരത്ത് പൊലീസുകാരും ദമ്പതിമാരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. ഇതോടെ സംഭവം അന്വേഷിക്കാന്‍ വിഴുപുരം എസ്പി നിര്‍ദ്ദേശം നല്‍കി. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എസ്പി വ്യക്തമാക്കി.

ചോരയൊലിപ്പിച്ച് നില്‍ക്കുന്ന യുവാവിന്റേയും ഒപ്പമുള്ള യുവതി പോലീസുകാരനെ തല്ലുന്നതിന്റേയും വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ദമ്പതിമാരും പൊലീസും തമ്മില്‍ വഴക്കിടുന്നതും മല്‍പ്പിടിത്തം നടത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. യുവാവ് പോലീസിന് നേരേ ആക്രോശിക്കുന്നതും ബൈക്കിന്റെ ചാവി ഊരിയെടുക്കുന്നതും വീഡിയോയിലുണ്ട്.

വിഴുപുരം ആനത്തൂര്‍ ഗ്രാമത്തിലെ മുത്തുരാമനും ഭാര്യ സാരതിയുമാണ് വീഡിയോയിലുള്ള ദമ്പതിമാര്‍. സര്‍ക്കാര്‍ പദ്ധതിയില്‍ മുത്തുരാമന് പുതിയ വീട് നിര്‍മിക്കാന്‍ സഹായം ലഭിച്ചിരുന്നു. സുഭാഷ് ചന്ദ്രബോസ് എന്ന കരാറുകാരനാണ് വീട് പണി ഏറ്റെടുത്തത്. വീട് പണി പുരോഗമിക്കുന്നതിനിടെ കരാറുകാരനും മുത്തുരാമനും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. കരാറുകാരന്‍ തന്റെ പണം തട്ടിയെടുത്തതെന്നും വഞ്ചിച്ചെന്നുമായിരുന്നു മുത്തുരാമന്റെ ആരോപണം. ഇതിനിടെ സുഭാഷ് ചന്ദ്രബോസ് ഇക്കാര്യം പൊലീസില്‍ അറിയിച്ചു. തുടര്‍ന്നാണ് തിരുവെണ്ണൈനല്ലൂര്‍ സ്‌റ്റേഷനിലെ എസ്‌ഐയും കോണ്‍സ്റ്റബിളും ഗ്രാമത്തിലെത്തിയത്.

എന്നാല്‍ മദ്യ ലഹരിയിലായിരുന്ന മുത്തുരാമന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ തട്ടിക്കയറിയെന്നാണ് പൊലീസുകാരുടെ വിശദീകരണം. ഇയാളുടെ ഭാര്യയും ആക്രമിച്ചെന്നും പിന്നീട് ഗ്രാമവാസികള്‍ തടിച്ചുകൂടിയപ്പോള്‍ മടങ്ങിയെന്നും പൊലീസുകാര്‍ പറയുന്നു. അതേസമയം, പൊലീസുകാരന്‍ മുത്തുരാമനെ മര്‍ദിച്ചെന്നാണ് ഗ്രാമവാസികളുടെ പ്രതികരണം. ഭര്‍ത്താവിനെ മര്‍ദിച്ചപ്പോഴാണ് സാരതി പൊലീസുകാരനെ തല്ലിയതെന്നും നാട്ടുകാര്‍ പറയുന്നു.

SHARE