കൊട്ടാരക്കരയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊട്ടാരക്കര:ദമ്പതികളെ വീടിനുള്ളിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. വെട്ടിക്കവല നടുക്കുന്ന് അയണിവേലില്‍ വീട്ടില്‍ വേണുഗോപാലപിള്ള (57) ഭാര്യ. പ്രസന്നകുമാരി (50) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ വേണുഗോപാലപിള്ള കട്ടിലിലും ഭാര്യ പ്രസന്നകുമാരി നിലത്ത് കമിഴ്ന്ന് കിടക്കുന്ന അവസ്ഥയിലുമായിരുന്നു. കൊട്ടാരക്കര ഡി.വൈ.എസ്.പി ജെ.ജേക്കബിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദ്ദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

ഇന്നലെ രാവിലെ ഏഴുമണിക്ക് വീട്ടില്‍ പാല്‍ വാങ്ങാന്‍ വന്നവര്‍ നേരം പുലര്‍ന്നിട്ടും വീട്ടില്‍ ആരും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കതകില്‍ മുട്ടിവിളിക്കുകയായിരുന്നു. ശബ്ദം കേട്ട് ഇളയ മകന്‍ വരുണ്‍ വി.ഗോപാല്‍ ആണ് ആദ്യം എഴുന്നേറ്റത്. തുടര്‍ന്ന് നിരവധി തവണവിളിച്ചിട്ടും അനക്കമില്ലാത്തതിനെ തുടര്‍ന്ന് വരുണ്‍ വീടിന് പുറത്തിറങ്ങി ജനല്‍ വഴി നോക്കിയപ്പോള്‍ കട്ടിലില്‍ അച്ഛന്‍ കിടക്കുന്നത് കണ്ടു. പിന്നീട് കതക് തളളി തുറന്ന് നോക്കിയപ്പോള്‍ അമ്മ നിലത്ത് കമിഴ്ന്ന് കിടക്കുന്നതായും കണ്ടു. തുടര്‍ന്ന് അമ്മയെ വാരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ശരീരം മരവിച്ച് വിറങ്ങലിച്ച അവസ്ഥയിലായിരുന്നു.വേണുഗോപാലപിള്ളയുടെ മൃതശരീരം കട്ടിലില്‍ ഒരു വശം ചരിഞ്ഞാണ് കിടന്നിരുന്നത്. മൂത്തമകന്‍ അരുണ്‍ വി.ഗോപാല്‍. മരുമകള്‍ ആര്യ. അസ്വഭാവിക മരണത്തിനു കൊട്ടാരക്കര പോലീസ് കേസെടുത്തു. സംസ്‌ക്കാരം ഇന്ന് വീട്ട് വളപ്പില്‍.

SHARE