ജനങ്ങളെ വിഭജിച് കൊണ്ടല്ല ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത്; രാജ്യം ബി.ജെ.പിയുടെ കൈയ്യില്‍ സുരക്ഷിതമല്ല : ശശി തരൂര്‍

ലക്‌നൗ: ബി.ജെ.പി സര്‍ക്കാറിന്റെ കൈയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ലക്‌നൗവില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

നിര്‍ഭാഗ്യവശാല്‍ എന്‍.ഡി.എ സര്‍ക്കാറിനു കീഴില്‍ കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്തിന്റെ പോക്ക് നല്ലരീതിയിലല്ല. അതു നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്. ഇത് വിരല്‍ചൂണ്ടുന്നത് ബി.ജെ.പി സര്‍ക്കാറിന്റെ കൈയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്നാണ്. സമൃദ്ധവും വലിയ ഉല്‍പ്പാദനക്ഷമതയും സുരക്ഷിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുത്തുയര്‍ത്തേണ്ടതുണ്ട്. ജനങ്ങളെ വിഭജിച് കൊണ്ടല്ല രാജ്യം കെട്ടിപടുക്കേണ്ടത്- ശശി തരൂര്‍ പറഞ്ഞു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ്‌പോള്‍ ഫലത്തെ കുറിച്ചു ചോദിച്ചപ്പോള്‍, ചില എക്‌സിറ്റ് പോളുകളില്‍ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ചിത്രം വോട്ട് എണ്ണികഴിഞ്ഞാല്‍ മാത്രമേ കിട്ടുകയുള്ളൂയെന്നും അദ്ദേഹം മറുപടി നല്‍കി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലേറുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ ആക്‌സിസ് മൈ ഇന്ത്യ, സി.എന്‍.എന്‍ന്യൂസ് 18, ടൈംസ് നൗവി.എം.ആര്‍. എന്നീ ഏജന്‍സികളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് പ്രവചിച്ചിരുന്നു. അതേസമയം, സി.എന്‍.എക്‌സ്, ജന്‍ കി ബാത്ത്‌റിപ്പബ്ലിക്, എ.ബി.പിസീവോട്ടര്‍ എന്നിവ ബി.ജെ.പി അനുകൂല പ്രവചനമാണ് നടത്തിയത്.