കോവിഡ്: ചൈന ഒറ്റപ്പെടുന്നു, യു.എസിന് പുറമേ അന്വേഷണം ആവശ്യപ്പെട്ട് ജര്‍മനി, ഫ്രാന്‍സ്, കനഡ, ഓസ്‌ട്രേലിയ- തിങ്കളാഴ്ച നിര്‍ണായക യോഗം

ജനീവ: യു.എസിന് പിന്നാലെ, കോവിഡ് വൈറസിന്റെ ഉത്ഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ത്തി ജര്‍മനി, ഫ്രാന്‍സ്, കനഡ, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങള്‍. യൂറോപ്യന്‍ യൂണിയനിലേത് അടക്കം കൂടുതല്‍ രാഷ്ട്രങ്ങള്‍ അന്വേഷണാവശ്യവുമായി രംഗത്തെത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍ ചൈന ഒറ്റപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഏതു അന്വേഷണത്തെയും എതിര്‍ക്കുന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നത്.

യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം ആദ്യമുന്നയിച്ചത്. മിക്കവാറും എല്ലാ പത്രസമ്മേളനങ്ങളിലും ട്രംപ് ചൈനയെ കുറ്റപ്പെടുത്തി. ലോകാരോഗ്യ സംഘടനയ്ക്കുള്ള വിഹിതം തടഞ്ഞുവയ്ക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും അന്താരാഷ്ട്ര തലത്തില്‍ സമാന ആവശ്യമുന്നയിച്ചു. ഇതിന് പിന്നാലെ, ഓസ്‌ട്രേലിയയില്‍ നിന്നുള്ള മാംസക്കയറ്റുമതി ചൈന നിരോധിച്ചു. ഓസീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആലോചനയും ചൈന നടത്തുന്നുണ്ട്. യു.എസുമായുള്ള വ്യാപാരക്കരാറും ത്രിശങ്കുവിലായിട്ടുണ്ട്.

വൈറസ് ചൈനയിലെ വുഹാനില്‍ നിന്നുള്ള ലബോറട്ടറിയില്‍ നിന്ന് പുറത്തുപോയതാണ് എന്നാണ് ട്രംപ് പറയുന്നത്. മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് ലോകാരോഗ്യ സംഘടന സ്വീകരിക്കുന്നത് എന്നും ട്രംപ് ആരോപിക്കുന്നു. വൈറസിനെ നേരിട്ട ചൈനയുടെ രീതിയെ സംഘടന പ്രശംസിച്ചതും യു.എസിനെ ചൊടിപ്പിച്ചു. എല്ലാ ആരോപണങ്ങളും ചൈന നിഷേധിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ ചൈന സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ചൈന.

ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങ്

വിഷയത്തില്‍ ഇന്ത്യയുടെ നിലപാടും നിര്‍ണായകമാകും. കോവിഡ് ഒരു സ്വാഭാവിക വൈറസല്ല എന്ന് ഈയിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ലബോറട്ടറിയില്‍ നിന്ന് പുറത്തുപോയതാണ് വൈറസ് എന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍. വിഷയത്തില്‍ ഇന്ത്യയുടെ ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു ഇത്.

അതിനിടെ, തിങ്കളാഴ്ച ലോകാരോഗ്യ സംഘടയുടെ വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി യോഗം ചേരുകയാണ്. കോവിഡ് മഹാമാരി ലോകം കീഴടക്കിയ ശേഷമുള്ള ആദ്യത്തെ യോഗമാണിത്. 18, 19 തിയ്യതികളില്‍ ഹെല്‍ത്ത് അസംബ്ലിയും 22ന് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗവുമാണ്. സംഘടയുടെ ചരിത്രത്തില്‍ ആദ്യമായി വിര്‍ച്വല്‍ യോഗമാണ് നടക്കുന്നത്. ഇന്ത്യ നിര്‍ദ്ദേശിക്കുന്ന ഒരാളായിരിക്കും എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ അടുത്ത ചെയര്‍.

ചൈനയ്‌ക്കെതിരെ അന്വേഷണം യു.എസ് അടക്കമുള്ള രാഷ്ട്രങ്ങള്‍ ഉന്നയിക്കുമെന്ന് ഉറപ്പാണ്. ഇതില്‍ തര്‍ക്കമുണ്ടായാല്‍ പരിഹാരത്തിനായി അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിക്കണം എന്നാണ് സംഘടനയുടെ ഭരണഘടന പറയുന്നത്.

194 അംഗ രാജ്യങ്ങളും നിരീക്ഷകരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ 45 ലക്ഷം പേരെയാണ് കോവിഡ് വൈറസ് ബാധിച്ചിട്ടുള്ളത്. മൂന്നു ലക്ഷത്തിലേറെ പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.