വേണ്ടത്ര കക്കൂസുകള്‍ ഇല്ലാത്ത 2014ന് മുമ്പ് ആയിരുന്നു ലോക്ക്ഡൗണ്‍ എങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? വ്യാജ അവകാശവാദങ്ങളുമായി വീണ്ടും മോദി

ന്യൂഡല്‍ഹി: താന്‍ അധികാരത്തിലെത്തിയ 2014ന് മുമ്പ് ആയിരുന്നു കോവിഡും ലോക്ക്ഡൗണും എങ്കില്‍ എന്താകുമായിരുന്നു രാജ്യത്തിന്റെ സ്ഥിതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കക്കൂസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വൈറസ് വ്യാപനം തടഞ്ഞു നിര്‍ത്താന്‍ അന്ന് നമുക്കാകില്ലായിരുന്നു എന്നും മോദി അവകാശപ്പെട്ടു. സ്വാച്ഛ് ഭാരത് മിഷനു കീഴിലെ രാഷ്ട്രീയ സ്വച്ഛ്ത കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

‘കോവിഡ വൈറസ് പോലുള്ള മഹാമാരി 2014ന് മുമ്പായിരുന്നു എങ്കില്‍ സങ്കല്‍പ്പിച്ചു നോക്കൂ. ഗ്രാമീണ ഇന്ത്യയില്‍ കക്കൂസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തെ തടഞ്ഞു നിര്‍ത്താന്‍ ആകുമായിരുന്നോ? 60 ശതമാനം പേരും തുറസ്സായ സ്ഥലത്ത് വെളിക്കിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആകുമായിരുന്നോ?’ – എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട ശേഷവും രാജ്യത്തെ കോവിഡ് നിരക്കുകള്‍ കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ അവകാശവാദം. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാഷ്ട്രമാണ് ഇന്ത്യ. യു.എസും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുമ്പില്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 61,537 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 21 ലക്ഷത്തിന് അടുത്തെത്തി. 933 പേര്‍ മരിക്കുക കൂടി ചെയ്തതോടെ മരണനിരക്ക് 42,518 ആയി.

മോദിയുടെ അവകാശവാദം

2019 ഒക്ടോബര്‍ രണ്ടിന് ഇന്ത്യ വെളിയിട മുക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. 60 മാസം കൊണ്ട് 60 കോടി ജനങ്ങള്‍ക്ക് ഉപയോഗിക്കാനായി 11 കോടി ടോയ്‌ലറ്റ് ഉണ്ടാക്കി നല്‍കി എന്നായിരുന്നു മോദിയുടെ അവകാശ വാദം.

എന്നാല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ അഞ്ചില്‍ രണ്ട് പേരും വസിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കംപാഷണേറ്റ് എകണോമിക്‌സ് നടത്തിയ പഠന പ്രകാരം ഇവിടങ്ങളില്‍ 56 ശതമാനം വീടുകളിലെയും ഒരാള്‍ തുറസ്സായ സ്ഥലത്താണ് വിസര്‍ജനം നടത്തുന്നത്.

SHARE