എബോളയ്‌ക്കെതിരെയുള്ള മരുന്ന് കോവിഡിനും; പ്രതീക്ഷയോടെ ശാസ്ത്ര ലോകം

ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസിനെതിരെ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ച റെംഡസിവിര്‍ കോവിഡ് 19 നെതിരെയും ഉപയോഗിക്കാമെന്ന് പഠനം. യു.എസ് ആസ്ഥാനമായ ബയോടെക്‌നോളജി കമ്പനി ഗിലീഡ് സയന്‍സ് വികസിപ്പിച്ച മരുന്നാണിത്. ഇന്ത്യയിലാണ് ഈ മരുന്നിന്റെ പേറ്റന്റ്. കോവിഡ് 19നെതിരെ ലോകാരോഗ്യ സംഘടന പരീക്ഷണാടിസ്ഥാനത്തില്‍ പരീക്ഷിച്ചു വിലയിരുത്തുന്ന നാലു മരുന്നുകളില്‍ ഒന്നാണ് റെംഡസിവിര്‍. കോവിഡിനെതിരെയുള്ള പരീക്ഷണത്തില്‍ ഇന്ത്യയും പങ്കാളിയാണ്.

ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാമത്തെ ഘട്ടത്തിലാണ് ഇപ്പോള്‍ ഗിലീഡ് ഉള്ളത്. ഈ ഘട്ടത്തില്‍ മരുന്നിന്റെ അംഗീകാരത്തിനായി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ്അഡ്മിനിസ്‌ട്രേഷന്റെയും മറ്റു റെഗുലേറ്ററി അതോറിറ്റികളുടെയും അനുമതി ആവശ്യമാണ്. തിങ്കളാഴ്ചയാണ് ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രില്‍ ഇതു സംബന്ധിച്ച ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടത്.

നാലു ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് ശേഷം യു.എസില്‍ തിരിച്ചെത്തിയ 35കാരന് റെംഡസിവിര്‍ നല്‍കിയ ശേഷം ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ശ്വാസമെടുപ്പില്‍ 90 ശതമാനം പ്രശ്‌നങ്ങളോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ന്യൂമോണിയയും ഉണ്ടായിരുന്നു. ഏഴാം ദിവസമാണ് റെംഡസിവിര്‍ നല്‍കിയത്. എട്ടാം ദിനം തന്നെ ഇദ്ദേഹത്തിന്റെ നിലയില്‍ പുരോഗതിയുണ്ടായി. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഇതേക്കുറിച്ച് ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

എത്ര വേഗത്തിലാക്കിയാലും ഒരു മരുന്നു കണ്ടെത്തി, ഉപയോഗയോഗ്യമായി വരാനും അവ വിപണിയില്‍ എത്തിക്കാനും ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതു കൊണ്ടാണ് മറ്റു രോഗങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ പരീക്ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഗുരുതരമായ അസുഖം പിടിപെട്ട രോഗികള്‍ക്കാണ് മരുന്നു നല്‍കുക. ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ആറു വര്‍ഷത്തോളം നിരവധി മരണത്തിന് കാരണമായ അസുഖമാണ് എബോള.

റെംഡസിവിറിന് പുറമേ, ക്ഷയരോഗ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ബി.സി.ജി, എച്ച്.ഐ.വി ബാധ നിയന്ത്രണത്തിലാക്കാന്‍ ഉപയോഗിക്കുന്ന ലോപിനാവിര്‍, റിറ്റൊനാവിര്‍, മലമ്പനിക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെ ഉപയോഗിച്ച ഇന്റര്‍ഫെറോ ആല്‍ഫ തുടങ്ങിയ മരുന്നുകളില്‍ എല്ലാം നിലവില്‍ പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്.