കോഴിക്കോട്: ഇന്നലെ രാത്രി വെട്ടേറ്റ വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി.പി.എം കൗണ്‍സിലറുമായിരുന്ന സി.ഒ.ടി നസീര്‍ അപകട നില തരണം ചെയ്യുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരിയിലെ പുതിയ സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടി പരിക്കേല്പിച്ചത്. കൈക്കും തലക്കും വയറിനും പരിക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.
നേരത്തേയും സി.ഒ .ടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ച് വോട്ട് അഭ്യര്‍ഥിച്ച് സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.സംഭവത്തിന് മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആണെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞിരുന്നു. മുന്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ തലശ്ശരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്‍. മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍. മാറ്റി കുത്തിയാല്‍ മാറ്റം കാണാം’ എന്ന പ്രചാരണ വാക്യത്തോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സി.ഒ.ടി നസീര്‍ മത്സരിച്ചിരുന്നത്. ആശയപരമായ ഭിന്നതകള്‍ കാരണം നസീര്‍ സി.പി.എം പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു.