മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ സി.ഒ.ടി നസീര്‍; ആക്രമണത്തിന് പിന്നില്‍ ഷംസീര്‍ തന്നെയെന്ന് ആവര്‍ത്തനം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ സി.ഒ.ടി നസീര്‍ രംഗത്ത്. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മൊഴിനല്‍കിയിട്ടുണ്ടെന്ന് നസീര്‍ ആവര്‍ത്തിച്ചു.

ഈ മൊഴിപകര്‍പ്പ് വായിച്ച് കേള്‍പ്പിക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. പൊലീസില്‍ നിന്ന് നീതികിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയുടെ പ്രതികരണം എന്തുകൊണ്ടെന്നറിയില്ലെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ആരാണ് ആക്രമിച്ചത് എന്ന് അറിയില്ലെന്നുമായിരുന്നു ഇന്ന് പിണറായി വിജയന്‍ പ്രതികരിച്ചത്.

സിഒടി നസീറിനെതിരായ വധശ്രമ കേസ് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. വധശ്രമ കേസിലെ ഗൂഢാലോചന കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും ആരോപണ വിധേയനായ തലശേരി എംഎല്‍എ എഎന്‍ ഷംസീറിനെ സംരക്ഷിക്കുന്നു എന്നും പ്രതിപക്ഷം പറഞ്ഞു.

എന്നാല്‍ സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു പിണറായി വിജയന്റെ വിശദീകരണം.കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേള്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

എംഎല്‍എ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് അടക്കമുള്ള കാര്യങ്ങളും പ്രതിപക്ഷം ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിഒടി നസീറിനോട് സിപിഎമ്മിന് വ്യക്ത വിരോധമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.