‘ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം’; സി.ഒ.ടി നസീര്‍

കോഴിക്കോട്: തനിക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.ഒ.ടി നസീര്‍.

മൂന്നുപേരാണ് ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. അല്ലെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങുന്ന യുവാക്കള്‍ക്കും ഇതുപോലെ സംഭവിക്കും. അക്രമം ആവര്‍കത്തിക്കുമെന്നും നസീര്‍ പറഞ്ഞു. വോട്ടെടുപ്പിന് ശേഷം പലപ്പോഴായി അസ്വസ്ഥതകള്‍ ഉണ്ടായിരുനന്നു. പൊലീസ് അന്ന് മൊഴിയെടുത്തതല്ലാതെ പിന്നീട് വന്നിട്ടില്ലെന്നും നസീര്‍ പറഞ്ഞു.

ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നസീറിനെ എതിര്‍ സ്ഥാനാര്‍ത്ഥിയും സി.പി.എം നേതാവുമായ പി ജയരാജന്‍ സന്ദര്‍ശിച്ചിരുന്നു. ആക്രമണത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നാണ് സി.പി.എം നേതാക്കളുടെ വാദം.

കണ്ടാലറിയാവുന്ന മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സി.പി.എമ്മില്‍ നിന്ന് പുറത്തേക്ക് വന്നതും പി ജയരാജനെതിരെ വടകരയില്‍ മത്സരിച്ചതുമാണ് തന്നോടുള്ള സിപിഎം വിരോധത്തിന് കാരണമെന്നാണ് നസീറിന്റെ മൊഴി. തലശേരി എ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, സി.ഒ.ടി നസീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

SHARE