ചെലവ് ചുരുക്കല്‍: പത്ത് മാസത്തിനിടെ ബാങ്കുകള്‍ അടച്ചു പൂട്ടിയത് 2500 എ.ടി.എമ്മുകള്‍

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ പത്ത് മാസത്തിനിടെ രാജ്യവ്യാപകമായി ബാങ്കുകള്‍ അടച്ചു പൂട്ടിയത് 2500 എ.ടി.എമ്മുകള്‍. 2017 മെയ് മാസത്തിനും 2018 ഫെബ്രുവരിക്കും ഇടയിലാണ് ഇത്രയും എ.ടി.എമ്മുകള്‍ അടച്ചു പൂട്ടിയത്. 2017 മെയ് മാസത്തില്‍ 110,116 എ.ടി.എമ്മുകളാണ് രാജ്യത്തുണ്ടായിരുന്നത്. 2018 ഫെബ്രുവരി ആയപ്പോഴേക്കും അത് 107,630 ആയി കുറഞ്ഞു. ഇക്കാലയളവില്‍ 2486 എ.ടി.എമ്മുകളാണ് രാജ്യത്ത് അടച്ചു പൂട്ടിയത്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ബാങ്ക് ശാഖകളുടെ എണ്ണവും കുറക്കുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ ശാഖകളോട് ചേര്‍ന്നുള്ള 108 എ.ടി.എമ്മുകളും മറ്റിടങ്ങളിലുള്ള 100 എ.ടി.എമ്മുകളും അടച്ചു പൂട്ടി. കനറാ ബാങ്ക് ശാഖകളോട് ചേര്‍ന്നുള്ള 189 എ.ടി.എമ്മുകളും മറ്റിടങ്ങളിലുള്ള 808 എ.ടി.എമ്മുകളും അടച്ചു പൂട്ടി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് ചേര്‍ന്നുള്ള 27 എ.ടി.എമ്മുകളും മറ്റിടങ്ങളിലുള്ള 317 എ.ടി.എമ്മുകളും അടച്ചു പൂട്ടി. പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖകളോട് ചേര്‍ന്നുള്ള 655 എ.ടി.എമ്മുകളും മറ്റിടങ്ങളിലുള്ള 467 എ.ടി.എമ്മുകളും അടച്ചുപൂട്ടി.

അതേസമയം എസ്.ബി.ഐ ശാഖകളോട് ചേര്‍ന്നുള്ള എ.ടി.എമ്മുകളുടെ എണ്ണം കുറച്ചപ്പോള്‍ മറ്റിടങ്ങളിലുള്ള എ.ടി.എമ്മുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനിടെ എസ്.ബി.ഐ ശാഖകളോട് ചേര്‍ന്നുള്ള എ.ടി.എമ്മുകളുടെ എണ്ണം 29,150ല്‍ നിന്ന് 26,505 ആയി കുറച്ചപ്പോള്‍ മറ്റിടങ്ങളിലുള്ള എ.ടി.എമ്മുകളുടെ എണ്ണം 29,917ല്‍ നിന്ന് 32,680 ആയി കൂട്ടിയിട്ടുണ്ട്.

SHARE