കൊവിഡിന് മരുന്നുണ്ടെന്ന് അവകാശവാദം; രാംദേവിനും പതഞ്ജലി സി.ഇ.ഒക്കുമടക്കം അഞ്ചു പേര്‍ക്കെതിരെ കേസ്

ജയ്പൂര്‍: മഹാമാരിയായ കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടു പിടിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയ പതഞ്ജലി സ്ഥാപകന്‍ രാംദേവിനെതിരെ കേസെടുത്തു. പതഞ്ജലി സ്ഥാപകന്‍ രാംദേവടക്കം അഞ്ച് പേര്‍ക്കെതിരെയാണ് ജയ്പൂര്‍ പൊലീസ് കേസെടുത്തത്.

Ramdev and Patanjali Ayurved MD Acharya Balkrishna launch Coronil, self-proclaimed cure for coronavirus. (PTI)

പതഞ്ജലി ആയുര്‍വേദിക് പുറത്തിറക്കിയ കൊറോണില്‍ എന്ന മരുന്ന് കൊവിഡിനെ പ്രതിരോധിക്കുമെന്ന പേരില്‍ പ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചതിനാണ് ജയപൂരിലെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പതഞ്ജലി സ്ഥാപകന്‍ രാംദേവ്, പതഞ്ജലി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, നിംസ് ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെകതിരെയാണ് പരാതി. പരാതിക്കുമേല്‍ കേസെടുത്തിട്ടുണ്ടെന്ന് ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. ഐ.പി.സി 420 (വഞ്ചനാകുറ്റം) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് രാംദേവടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതെന്ന് പരാതി നല്‍കിയ ബല്‍റാം ജാഖര്‍ പറഞ്ഞു.

യോഗ ഗുരു രാംദേവ് ചൊവ്വാഴ്ച കൊറോണിന്‍ എന്ന മരുന്ന് പുറത്തിറക്കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം മരുന്നിനെ കുറിച്ച് എല്ലാ വിവരങ്ങളും തേടുകയും റിപ്പോര്‍ട്ട് കിട്ടാതെ കോവിഡ് മരുന്നായി പരസ്യം ചെയ്യുന്നത് നിരോധിക്കുകയും ചെയ്തിരുന്നു.