കോവിഡ് മരണം നാല്‍പതിനായിരത്തിലേക്ക്; അമേരിക്കയില്‍ മാത്രം 3165 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്‌: ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 37815 ആയി. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ജീവനെടുത്ത ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. തിങ്കളാഴ്ച മാത്രം 812 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ആകെ മരണം 11,591 ആയി.

യൂറോപ്പില്‍ വൈറസ് ഏറ്റവും കൂടുതല്‍ ജീവനാശമുണ്ടാക്കിയതും ഇറ്റലിയിലാണ്. മരണനിരക്കില്‍ ഇറ്റലിക്ക് പിന്നാലെയാണ് സ്പെയിന്‍. 24 മണിക്കൂറിനിടെ സ്പെയിനില്‍ 913 പേര്‍ മരിച്ചു. ആകെ മരണം 7,716 ആയി.

അതേസമയം, ചൈനക്കും ഇറ്റലിക്കും പെയിനിനും പിന്നാലെ അമേരിക്കയിലും മരണസംഖ്യ 3000 കടന്നു. ഇന്നലെ മാത്രം 573 പേരാണ് യുഎസില്‍ മരിച്ചത്. ഇവിടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണം 3165 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കള്‍ ഇരട്ടിവേഗതയിലാണ് വൈറസ് പടരുന്നത്. കൊറോണ വൈറസ് ബാധ അമേരിക്കയെ മരണഭൂമിയാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം നിയന്ത്രണങ്ങള്‍ വരുത്താന്‍ എല്ലാവരും തയ്യാറായാല്‍ മരണസംഖ്യ ഒരു ലക്ഷത്തിനുള്ളില്‍ പിടിച്ചുനിര്‍ത്താമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇത് രാജ്യത്ത് എത്ര വേഗത്തിലാണ് വൈറസ് പടര്‍ന്നുപിടിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്.

World’s Most Famous Empire State Building with emergency ligjt in NewYork

മരണ നിരക്കില്‍ യുഎസ് ഇപ്പോള്‍ നാലം സ്ഥാനത്താണ്. രണ്ട് ദിവസം മുന്നേ ആറാം സ്ഥാനത്തായിരുന്ന യുസ് മരണ സംഖ്യയില്‍ ഇറാന്‍, ഫ്രാന്‍സ് എന്നിവരെ മറികടക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. 1,60000 ത്തില്‍ പരം ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗമുള്ളത്. ഇത് ലോകത്ത് ആദ്യത്തില്‍ ഏറ്റവും പേര്‍ക്ക് രോഗം ബാധിച്ചിരുന്ന ചൈനയെക്കാള്‍ ഇരട്ടിയാണ്. ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യവും അമേരിക്കയാണ്. ഇതില്‍ കൂടുതല്‍ പേരും ന്യൂയോര്‍ക്കിലാണ്. ന്യയോര്‍ക്കിലേക്ക് യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. ആകെ 32 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ഇതിനിടെ ലോകത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 785,777 ആയി. അതേ സമയം 165,607 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.