കൊറോണ: പ്രധാനമന്ത്രി യോഗം വിളിച്ചു; ഷെയ്ക്ക് ഹാന്റുകളില്‍ നിന്നും നമസ്‌തേയിലേക്ക് മാറുകയാണെന്ന് മോദി

ന്യൂഡല്‍ഹി: കൂടുതല്‍ പേരില്‍ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ഉന്നതതല യോഗം ചേര്‍ന്നു. പ്രധാനമന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യത്തെ സാഹചര്യങ്ങള്‍ അവലോകനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനും മതിയായ ഐസൊലേഷന്‍ സൗകര്യങ്ങള്‍ കണ്ടെത്താനും രോഗം കൂടുതല്‍ പടര്‍ന്നാല്‍ പരിചരണത്തിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചു. വൈറസ് വ്യാപിക്കുന്നത് സംബന്ധിച്ച് രാജ്യം ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കുന്നതിനെ സംബന്ധിച്ചും ആളുകളെ പ്രധാനമന്ത്രി ഉപദേശിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അെഭ്യൂഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കൊറോണ വൈറസ് സാഹചര്യത്തില്‍ അഭിവാദ്യ രീതി ഷെയ്ക്ക് ഹാന്റുകളില്‍ നിന്നും നമസ്‌തേയിലേക്ക് മാറുകയാണെന്നും ഏതെങ്കിലും വിധത്തില്‍ നാം നമസ്‌തേ ഉപയോഗിക്കാന്‍ മറന്നുവെങ്കില്‍, അതിനുള്ള ശരിയായ സമയമാണിതെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാന്‍ സന്ദര്‍ശിച്ച ലഡാക്കിലെ രണ്ടാള്‍ക്കും ഒമാനില്‍ നിന്ന് മടങ്ങിയ തമിഴ്‌നാട് സ്വദേശിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 34 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ലക്ഷണങ്ങളോടെ കൂടുതല്‍ പേര്‍ ചികിത്സയിലുണ്ട്. രോഗം സ്ഥീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള 30,000ത്തോളം പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളായ രണ്ടുപേരെ അമൃതസറിലെ ഗുരു നാനാക്ക് ദേവ് ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇറ്റാലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍ച്ച് മൂന്നിന് അമൃതസര്‍ വിമാനത്താവളംവഴി നാട്ടില്‍ തിരിച്ചെത്തിയവരാണ് ഇരുവരും. ഇറ്റലിയില്‍ കോവിഡ് 19 വ്യാപകമായി പടര്‍ന്നുപിടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലും ചുമ ഉള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടതിനാലും ഇരുവരും ആസ്പത്രിയിലെത്തി സ്വയം ചികിത്സ തേടുകയായിരുന്നുവെന്ന് ഗുരു നാനാക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. രമണ്‍ ശര്‍മ്മ പറഞ്ഞു.

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതില്‍ പകുതിയിലധികം പേരും ഇറ്റലിയില്‍നിന്നെത്തിയ വിനോദ സഞ്ചാരികളാണ്. ഇറ്റലി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയവരാണ് മറ്റുള്ളവര്‍. ഈ സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ സ്‌ക്രീനിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ കര്‍ശനമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഇതിനിടെ കോവിഡ് 19 വ്യാപകമായി പടര്‍ന്നു പിടിച്ച ഇറാനില്‍ കുടുങ്ങിയ ആദ്യ ഇന്ത്യന്‍ സംഘത്തെ തിരിച്ചെത്തി. ചാവ്്‌ലയിലെ ഐ.ടി.ബി.പി ആസ്ഥാനത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയ ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവന്നാലേ ഇവര്‍ക്ക് വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാവൂ.

SHARE