‘കൊറോണ വൈറസിന് അസ്ഥിരത കുറവ്’; നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

റോം: കോവിഡ് വാക്‌സീന്‍ നിര്‍മാണത്തിലേര്‍പ്പെട്ട ശാസ്ത്രജ്ഞര്‍ക്ക് സന്തോഷവാര്‍ത്ത. കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസിന് അസ്ഥിരത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

നിലവില്‍ ആറോളം വക ഭേദങ്ങള്‍ നോവല്‍ കൊറോണ വൈറസിന് കണ്ടെത്തിയിട്ടുണ്ടെങ്കിലും വലിയ തോതിലുള്ള പരിണാമം വൈറസിന് ഉണ്ടായിട്ടില്ലെന്ന് ഇറ്റലിയിലെ ബൊളോഗ്‌ന സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. വൈറസിനു സ്ഥിരതയില്ലാതെ, നിരന്തരം പരിവര്‍ത്തനം സംഭവിച്ചാല്‍ അതിനെതിരെ വികസിപ്പിക്കുന്ന വാക്‌സീനുകള്‍ ഫലപ്രദമല്ലാത്ത സാഹചര്യമുണ്ടാകും.

വുഹാനില്‍ 2019 ഡിസംബറില്‍ കണ്ടെത്തിയത് വൈറസിന്റെ L വകഭേദം ആണ്. 2020ല്‍ ഇതിന് ആദ്യ ജനിതക പരിവര്‍ത്തനം സംഭവിച്ച് S വകഭേദം പ്രത്യക്ഷപ്പെട്ടു. 2020 ജനുവരി മധ്യത്തോടെ V , G വകഭേദങ്ങളും കണ്ടുതുടങ്ങി. നാളിതു വരെ ഏറ്റവുമധികം വ്യാപനം സംഭവിച്ചത് G വകഭേദത്തിനാണ്. അത് വീണ്ടും GR, GH വകഭേദങ്ങളായി ജനിതക പരിവര്‍ത്തനം ചെയ്യപ്പെട്ടു. G വകഭേദവും GR, GH വകഭേദങ്ങളുമാണ് നിലവില്‍ വിശകലനം ചെയ്യപ്പെട്ട ജീന്‍ സ്വീക്വന്‍സുകളില്‍ 74 ശതമാനത്തിലും കണ്ടത്. ആറു പ്രധാന വകഭേദങ്ങള്‍ക്ക് പുറമേ വിരളമായ മറ്റ് ചില വകഭേദങ്ങള്‍ കൂടി ശാസ്ത്രലോകം സാര്‍സ് കോവ്2ന് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇവയൊന്നുംതന്നെ വലിയൊരു പരിണാമം വൈറസിന്റെ സ്വഭാവത്തില്‍ വരുത്തിയിട്ടില്ല എന്നത് വാക്‌സീന്‍ ഫലപ്രദമാകാനുള്ള സാധ്യത കൂട്ടുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ മൈക്രോബയോളജി എന്ന ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണ പഠനം പ്രസിദ്ധീകരിച്ചത്.

SHARE