നിങ്ങള്‍ക്ക് അറിയില്ല; ഞാനാണ് എന്റെ അമ്മയെ കൊന്നത്- കോവിഡില്‍ വിലപിക്കുന്ന ബഗ്ദാദിലെ ആരോഗ്യപ്രവര്‍ത്തകന്‍

ബഗ്ദാദ്: അധിനിവേശവും യുദ്ധവും ഭീകര താണ്ഡവമാടിയ ബഗ്ദാദില്‍ ഇപ്പോള്‍ ആ റോള്‍ ഏറ്റെടുത്തിരിക്കുന്നത് കോവിഡ് വൈറസാണ്. ആശുപത്രികളും ആരോഗ്യമേഖലയും ആകെ താറുമാറായ ഇറാഖില്‍ കൊറോണാ വൈറസിന്റെ അനിയന്ത്രിതമായി പകര്‍ച്ചയാണിപ്പോല്‍ നടക്കുന്നത്. മരഭൂമികള്‍ ഖബര്‍സ്ഥാനുകളാവുന്ന ദുരിത കാഴ്ചയുടെ ദാരുണ ദൃശ്യങ്ങളാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.

കൊവിഡ് രോഗികളാല്‍ ആശുപത്രികളും ഐ.സി.യുകളും നിറഞ്ഞുകവിഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകരുടെ സ്ഥിതിയും അതീവ ഗുരുതരമാണെന്നാണെന്ന് വ്യക്തമാക്കുന്നതാണ് ബി.ബി.സി പുറത്തുവിട്ട പുതിയ വീഡിയോ റിപ്പോര്‍ട്ട്. ആരോഗ്യ സംരക്ഷണ കിറ്റുകള്‍ ആത്യാവശ്യത്തിന് പോലുമില്ലാത്ത രാജ്യത്ത് ഒരുതരത്തിലുമുള്ള സുരക്ഷയും കൂടാതെ രോഗികള്‍ക്ക് ആതുരസേവനം നല്‍കേണ്ട അവസ്ഥയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

അത്തരത്തില്‍ സേവനം ചെയ്തതുമൂലം തന്റെ സമ്പര്‍ക്ക കാരണത്താല്‍ രോഗം പിടിച്ചുമരിച്ച അമ്മയെ കുറിച്ച് വിലപിക്കുന്ന ഒരു ആരോഗ്യപ്രവര്‍ത്തകന്റെ വീഡിയോയാണ് ബിബിസി പുറത്തുവിട്ടിരിക്കുന്നത്.

‘ഞാന്‍ കാരണം എന്റെ പിതാവിന്, സഹോദരങ്ങള്‍ക്ക്, സഹോദരിമാര്‍ക്ക്, മാതാവിന് കൊവിഡ് ബാധിച്ചു. നിങ്ങള്‍ക്ക് മനസിലാവില്ല. ഞാനെന്റെ മാതാവിനെ കൊന്നു. ഞാന്‍ കൊന്നു. ഞാന്‍ ഈ കരങ്ങള്‍ കൊണ്ടാണ് എന്റെ മാതാവിനെ കൊന്നത്. എന്റെ മാതാവ് ഒരു അണുബാധയുമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. ഞാനാണ് വൈറസിനെ വീട്ടില്‍ കൊണ്ടുപോയത്. എല്ലാം ഞാന്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്തതു കാരണമാണ്’, തന്റെ പ്രവര്‍ത്തി കാരണം മരണംസംഭവിച്ച കുടുംബത്തെയൊര്‍ത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിലപിക്കുകയാണ് യുവാവ്.