കൊറോണയുടെ മറവില്‍ ഓണ്‍ലൈന്‍ കൊള്ള

കൊറോണ വൈറസ് ഭീതിക്കിടെ ഓണ്‍ലൈന്‍ കൊള്ള.ഹാന്‍ഡ് സാനിറ്റൈസറുകളുടെ പേരിലാണ് കൊള്ള നടക്കുന്നത്. 30 മില്ലിയുടെ ഹാന്‍ഡ് സാനിറ്റൈസറിന്റെ വിലയാണ് ഒറ്റയടിക്ക് 16 ഇരട്ടിയാക്കി ഉയര്‍ത്തിട്ടുള്ളത്. കൊറോണ വൈറസ് ബാധ ഭീഷണി ഒഴിവാക്കാന്‍ കൈകള്‍ ശുചിയായി സൂക്ഷിക്കാനാണ് ഡോക്ടര്‍മാരും ആരോഗ്യരംഗത്തെ വിദഗ്ധരും നല്‍കുന്ന നിര്‍ദേശം. ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സാനിറ്റൈസറുകള്‍ വാങ്ങുന്നവരുടെ എണ്ണത്തിലും കുത്തനെ വര്‍ധനവുണ്ടായിരുന്നു.

ഹിമാലയയുടെ സൂപ്പര്‍ ഹില്‍സ് 30 മില്ലിക്ക് 999 രൂപയാണ് ഫ്‌ലിപ്പ് കാര്‍ട്ട് ഈടാക്കുന്നത്. വിവിധ വില്‍പ്പനക്കാര്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുകയാണെന്നാണ് ഫ്‌ലിപ്പ്കാര്‍ട്ട് കസ്റ്റമര്‍ കെയര്‍ നല്‍കുന്ന വിശദീകരണം.സാനിറ്റൈസറുകള്‍ ഏറ്റവുമധികം ആവശ്യമുള്ള സമയത്താണ് ഉയര്‍ന്ന നിരക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നതെന്നാണ് ജനങ്ങള്‍ ഉന്നയിക്കുന്ന പരാതി. എംആര്‍പിയെയ്ക്കാള്‍ അധികം നിരക്ക് ഈടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു.

SHARE