കാസര്‍കോട് ബന്തവസ്സാക്കി; ജനങ്ങളെ പുറത്തിറക്കില്ല, അവശ്യസാധനങ്ങള്‍ പോലീസ് എത്തിക്കും

കാസര്‍കോട് : രാജ്യത്തെ 10 കോവിഡ് ഗുരുതര മേഖലയില്‍ കാസര്‍കോടുംകൂടി ഉള്‍പ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്ത ആറു പ്രദേശങ്ങളിലെ പോലീസ് നിയന്ത്രണം കൂടതല്‍ കടുപ്പത്തിലാക്കി. ഇവിടെ ഇനി ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. പകരം അവശ്യസാധനങ്ങള്‍ പോലീസ് എത്തിച്ചുനല്‍കാനാണ് തീരുമാനം.

കാസര്‍ക്കോട് ജില്ലയിലെ പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ലോക്കഡൗണ് പുറമെ ഇവിടെ കനത്ത പോലീസ് ബന്തവസ്സ് ഉണ്ടാകും.

ജനങ്ങള്‍ക്ക്് അവശ്യസാധനങ്ങള്‍ പോലീസ് എത്തിച്ചുകൊടുക്കുമെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു.
ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 9497935780 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാല്‍ മതി. പോലീസ് നേരിട്ട് സാധനങ്ങള്‍ വീട്ടിലെത്തിക്കും. പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും അയക്കണം.

അടിയന്തര ഘട്ടത്തില്‍ കാറില്‍ ഡ്രൈവര്‍ കൂടാതെ ഒരാള്‍ കൂടിയേ അനുവദിക്കുകയുള്ളൂ. ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. നിര്‍ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും.

അതേസമയം, കേരളത്തില്‍ നിന്നുള്ള രണ്ട് ജില്ലകളാണ് രാജ്യത്തെ 10 കോവിഡ് ഗുരുതര മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കാസര്‍കോടും പത്തനംതിട്ടയും ഇടംപിടിച്ചു. ലിസ്റ്റില്‍ കാസര്‍കോട് നാലാമതും പത്തനംതിട്ട അഞ്ചാമതുമാണ്. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍,ഡല്‍ഹി നിസ്സാമുദ്ദീന്‍, നോയിഡ, കാസര്‍കോഡ്,പത്തനംതിട്ട, മീററ്റ്, ഫില്‍വാഡ,അഹമ്മദാബാദ്, മുംബൈ, പൂണെ. എന്നിവിടങ്ങളാണ് രാജ്യത്തെ 10 കോവിഡ് ഗുരുതര മേഖലകള്‍.

അതേസമയം, കേരളത്തില്‍ രണ്ടാമത്തെ മരണമായി കൊവിഡ് ബാധിച്ച് അബ്ദുല്‍ അസീസ് മരിച്ചതിന് പിന്നാലെ തിരുവനന്തപുരം പോത്തന്‍കോട് മേഖല മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറി. അബ്ദുല്‍ അസീസിന്റെ കോവിഡ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ ബുദ്ധിമുട്ടിലായതും ഇയളുടെ റൂട്ട്മാപ്പ് പൂര്‍ണ്ണമല്ലാത്തതുമാണ് മേഖല കടുത്ത നിയന്ത്രണത്തിലേക്ക് വന്നത്. മൂന്നാഴ്ച സമ്പൂര്‍ണ നിരീക്ഷണത്തിലേക്ക് മാറണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ 12 ദിവസത്തിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നൂറില്‍നിന്ന് ആയിരത്തിലേക്കുയര്‍ന്നു. ഇന്ത്യയില്‍ 1251 പേര്‍ക്കാണ് ഇത് വരെ രോഗം ബാധിച്ചത്. 32 പേരാണ് ഇത് വരെ കൊറോണ വൈറസ് ബാധമൂലം മരിച്ചത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

SHARE