കേരളത്തില്‍ എഴു ജില്ലകളില്‍ ലോക്ക്ഡൗണ്‍

ന്യൂഡല്‍ഹി: കോവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതൊടെ സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടേണ്ടി വരും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടിവരിക.

കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

അതേസമയം ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. നിലവില്‍ കര്‍ഫ്യൂ തുടരുന്ന സാഹചര്യങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ മറ്റുജില്ലകളില്‍ കൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവും.
അതേസമയം, കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍ നാല് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുക്കിയത്.

രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി. മാര്‍ച്ച് 31 വരെ എല്ലാ അന്തര്‍ സംസ്ഥാന പൊതുഗതാഗത സേവനങ്ങളും നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവ നിയന്ത്രിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.