മരിച്ച സ്ത്രീക്ക് കോവിഡെന്ന് സംശയിച്ച് സംസ്‌കാര ചടങ്ങില്‍ നാട്ടുകാരുടെ പ്രതിഷേധം; ഡോക്ടര്‍മാര്‍ക്കെതിരെ കല്ലേറ്

മരിച്ച സ്ത്രീയ്ക്ക് കൊവിഡ് രോഗമെന്ന് സംശയിച്ച് സംസ്‌കാര ചടങ്ങില്‍ നാട്ടുകാരുടെ പ്രതിഷേധം. ഹരിയാനയിലെ അംബാലയിലെ ചന്ദ്പുര ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.സംസ്‌കാരത്തിന് സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാരോട് നാട്ടുകാര്‍ ഏറ്റുമുട്ടുകയും ഡോക്ടര്‍മാരെ കല്ലെറിയുകയും ചെയ്തു.വലിയ പ്രതിഷേധവുമായെത്തിയ നാട്ടുകാരെ പോലീസ് ആകാശത്തേക്ക് വെടിവെച്ച് വിരട്ടി ഓടിച്ച ശേഷമാണ് സംസ്‌കാര ചടങ്ങ് പൂര്‍ത്തിയാക്കിയത്.

ആസ്ത്മ രോഗിയായ അറുപതുകാരി ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരണപ്പെട്ടതെന്ന് ഡോക്ടര്‍ കുല്‍ദീപ് സിങ് വ്യക്തമാക്കി. കൊറോണ പരിശോധനയ്ക്കായി ഇവരുടെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനയ്ക്കായി കാത്തിരിക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു.

കോവിഡ് സംശയിക്കുന്ന ആളുടെയും രോഗം സ്ഥിരീകരിച്ചവരുടെയും മരണശേഷമുള്ള നടപടിക്രമങ്ങള്‍ സമാനമാണ്. ഈ കേസിലും എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. നാട്ടുകര്‍ അനാവശ്യമായാണ് സംസ്‌കാര ചടങ്ങിനെ എതിര്‍ത്തതെന്നും ഡോ. കുല്‍ദീപ് സിങ് പറഞ്ഞു. അംബാലയില്‍ നിലവില്‍ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹരിയാനയിലാകെ 289 പേര്‍ക്കും വൈറസ് പിടിപെട്ടിട്ടുണ്ട്. മൂന്ന് മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

SHARE