സന്ദര്‍ശക വിസയില്‍ ഇന്ത്യയ്ക്കാര്‍ക്ക് തല്‍ക്കാലം യു.എ.ഇയിലേക്ക് വരാനാവില്ലെന്ന് അംബാസഡര്‍

ദുബൈ: നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശക വിസയില്‍ ഇന്ത്യയ്ക്കാര്‍ക്ക് യു.എ.ഇയിലേക്ക് വരാനാകില്ല എന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. സന്ദര്‍ശക വിസക്കാരുടെ യാത്രാ പ്രോട്ടോകോളില്‍ ഇതുവരെ വ്യക്തതയില്ലാത്തതാണ് കാരണം.

‘ഈ സാഹചര്യത്തില്‍ സന്ദര്‍ശക വിസക്കാരെ യു.എ.ഇ അനുവദിക്കുമോ ഇല്ലയോ എന്നതില്‍ വ്യക്തയില്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്. വിസിറ്റ് വിസയില്‍ യാത്ര അനുവദിക്കുന്ന കാര്യത്തില്‍ ഇന്ത്യയും തീരുമാനമെടുത്തിട്ടില്ല’ – പവന്‍ കപൂര്‍ പറഞ്ഞു.

നിലവില്‍ ഒരു വിമാന കമ്പനിയും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാരെ കൊണ്ടുവരുന്നില്ലെന്നും പവന്‍ കപൂര്‍ അറിയിച്ചു.

ജൂലൈ 29 ന് ഇന്ത്യയടക്കമുള്ള രാഷട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസിറ്റിങ് വിസ നല്‍കുമെന്ന് ദുബൈ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല. യാത്രാ വിമാനങ്ങള്‍ വഴി സന്ദര്‍ശക വിസക്കാര്‍ക്ക് യു.എ.ഇയിലെത്താമോ എന്നതു സംബന്ധിച്ചും വ്യക്തതയില്ല. നിലവില്‍ താമസ വിസയുള്ളവരെ മാത്രമാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൊണ്ടു പോകുന്നത്.

ജോലിക്കായി സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തല്‍ക്കാലം യാത്ര മാറ്റി വയ്ക്കണമെന്ന് കപൂര്‍ ആവശ്യപ്പെട്ടു. കുടുംബത്തെ കാണാന്‍ വരുന്നു എങ്കില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ ജോലിയന്വേഷിച്ച് വിസിറ്റിങ് വിസയില്‍ എത്തേണ്ട സമയമിതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE