ഡിബാലക്കും കാമുകിക്കും കോവിഡ് 19 സ്ഥിരീകരിച്ചു

മിലാന്‍: ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ പൗലോ ഡിബാലയ്ക്കും കാമുകിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. തന്റെയും കാമുകിയുടെയും പരിശോധനാഫലം പോസറ്റീവാണെന്ന് ഡിബാല തന്നെയാണ് അറിയിച്ചത്.

”എല്ലാവര്‍ക്കും ഹായ്, കോവിഡ് -19 ടെസ്റ്റിന്റെ ഫലങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചുവെന്നും ഒറിയാനയും ഞാനും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചുവെന്നും നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ഡൈബാല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍, ഇരുവരുടെയും ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും ആരാധകരുടെ സന്ദേശങ്ങള്‍ക്ക് നന്ദി പറയുന്നതായും ഡിബാല കുറിച്ചു. മുന്‍ ടെന്നിസ് താരം ഗബ്രിയേല സെബാറ്റിനിയുടെ ബന്ധുവും ഗായികയുമാണ് ഡിബാലയുടെ കാമുകി ഒറിയാന സെബാറ്റിനി.

ഇതോടെ കോവിഡ് -19 ന് പോസിറ്റീവ് ആയി പരീക്ഷിക്കപ്പെടുന്ന മൂന്നാമത്തെ യുവന്റസ് കളിക്കാരനായി ഡൈബാല.
ഡിബാലയ്ക്ക് കൊറോണബാധയുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഡിബാല തന്നെ അത് പിന്നീട് നിഷേധിക്കുകയാണുണ്ടായത്.

അതേസമയം, കായികരംഗത്തും കൊറോണ പിടിമുറുക്കുകയാണ്. ഡാനിയല്‍ റുഗാനി, ഫ്രഞ്ച് താരം മറ്റിയൂഡി എന്നീ യുവന്റസ് താരങ്ങള്‍ക്കാണ് നേരത്തെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിനിടെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് വൈറസ് ബാധിച്ച് ശനിയാഴ്ച മരിച്ചു. 1995- 2000 കാലഘട്ടത്തില്‍ റയല്‍ മഡ്രിഡ് പ്രസിഡന്റായിരുന്നു. ഈ കാലഘട്ടത്തില്‍ റയല്‍ രണ്ടുതവണ ചാംപ്യന്‍സ് ലീഗില്‍ മുത്തമിട്ടിരുന്നു.

ഇറ്റലിയുടെയും എസി മിലാന്റെയും ഇതിഹാസ താരമായിരുന്ന പൗലോ മാള്‍ഡീനി, മകനും ഫുട്ബോള്‍ താരവുമായ ഡാനിയേല്‍ മാള്‍ഡിനി, മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിരുന്ന ബെല്‍ജിയം താരം മൗറെയ്ന്‍ ഫെല്ലെയ്നി എന്നിവര്‍ക്കും പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

SHARE