സമ്പൂര്‍ണ്ണ ദുരന്തം; കോവിഡ് കൈകാര്യം ചെയ്ത രീതിയില്‍ ട്രംപിനെതിരെ ഒബാമ

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ഗാമി ബറാക് ഒബാമ. സമ്പൂര്‍ണ്ണ ദുരന്തം എന്താണ് ഒബാമ ഇതിനെ വിശേഷിപ്പിച്ചത്. തന്റെ ഭരണകാലയളവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഒബാമയുടെ പ്രതികരണം.

എറ്റവും മികച്ച സര്‍ക്കാരിന്റെ കീഴിലും സ്ഥിതി മോശമായേനെ. എന്നാല്‍ ഇതില്‍ തനിക്കെന്തു കിട്ടും എന്നും മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും പ്രശ്‌നമല്ല എന്നുമുള്ള ചിന്താഗതിയാണ് സമ്പൂര്‍ണ്ണ ദുരന്തത്തിന് കാരണമായത്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനു വേണ്ടി കൂടുതല്‍ പങ്ക് തനിക്ക് വഹിക്കാനുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നിനെതിരെയുള്ള ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെയും ഒബാമ വിമര്‍ശിച്ചു.

കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച രാഷ്ട്രമാണ് യു.എസ്. പന്ത്രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് യു.എസില്‍ കോവിഡ് ബാധിച്ചത്. എഴുപത്തിയേഴായിരത്തിലേറെ പേര്‍ മരണത്തിന് കീഴടങ്ങി.

മഹാമാരിക്കെതിരെയുള്ള മുന്നറിയിപ്പുകള്‍ ട്രംപ് ഭരണകൂടം തുടര്‍ച്ചയായി അവഗണിച്ചതാണ് യു.എസില്‍ കോവിഡ് പടരാനുണ്ടായ സാഹചര്യങ്ങളില്‍ ഒന്ന്. ആദ്യഘട്ടത്തില്‍ അസുഖത്തിന്റെ ഗൗരവം അംഗീകരിക്കാതിരുന്ന ട്രംപ് പിന്നീട് യാഥാര്‍ത്ഥ്യം തിരിച്ചറിയുകയായിരുന്നു.