കോവിഡ് യു.എസ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും; ഒലിച്ചു പോയത് മൊത്തം സമ്പത്തിന്റെ 30 ശതമാനം!

വാഷിങ്ടണ്‍: കോവിഡ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ ഉണ്ടാക്കുന്ന ആഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറമെന്ന് ആഗോള റേറ്റിങ് ഏജന്‍സി മൂഡീസ്. കോവിഡിനെ തുടര്‍ന്നുള്ള നിലവിലെ ഷട്ട് ഡൗണും നിയന്ത്രണങ്ങളും മൂലം മാത്രം യു.എസിന്റെ ദിനംപ്രതി
ഉല്‍പ്പാദനത്തില്‍ നിന്ന് 29 ശതമാനവും ഒലിച്ചു പോയെന്നാണ് മൂഡീസ് അനാലിറ്റിക്‌സ് പറയുന്നത്.
വിനോദം മുതല്‍ ചില്ലറ വില്‍പ്പന മേഖല വരെ അടച്ചിട്ടതു മൂലം സമ്പൂര്‍ണ്ണമായ സാമ്പത്തിക ദുരന്തമാണ് യു.എസ് അനുഭവിക്കാനിരിക്കുന്നത്. ഇത് ആദ്യത്തെ കണക്കെടുപ്പുകള്‍ മാത്രമാണ്. നിയന്ത്രണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ ഇതിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിക്കും- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
41 സ്‌റ്റേറ്റുകളില്‍ അവശ്യേതര വസ്തുക്കള്‍ ഒഴികെ എല്ലാറ്റിനും നിയന്ത്രണങ്ങള്‍ ഉള്ള വേളയിലാണ് മൂഡീസ് പഠനം നടത്തിയത്. ഇതു പ്രകാരം കാലിഫോര്‍ണിയയ്ക്ക് മാത്രം ഒരു ദിവസം 2.8 ബില്യണ്‍ യു.എസ് ഡോളറാണ് നഷ്ടമായത്. യു.എസിന്റെ ദിനംപ്രതിയുള്ള ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.ഡി.പി) 31.5 ശതമാനം വരുമിത്.
15 സംസ്ഥാനങ്ങളിലെ നഷ്ടം 12.5 ബില്യണ്‍ യു.എസ് ഡോളര്‍ വരും. അഥവാ, ദിനംപ്രതിയുള്ള യു.എസ് ജി.ഡി.പിയുടെ 70 ശതമാനം!
9/11ലെ ഭീകരാക്രമണത്തിന് ശേഷമുള്ള സാമ്പത്തിക ആഘാതത്തേക്കാള്‍ എത്രയോ വലുതായിരിക്കും കൊറോണ മഹാമാരിക്കു ശേഷമുള്ള പ്രത്യാഘാതം. മൂന്നാഴ്ചയിലെ നിയന്ത്രണങ്ങള്‍ കൊണ്ടു മാത്രം ഉണ്ടായ വരുമാന നഷ്ടം 350 ബില്യണ്‍ യു.എസ് ഡോളറാണ്. ലോകവ്യാപാര കേന്ദ്രം ആക്രമണത്തില്‍ ഇത് 111 ബില്യണ്‍ ഡോളറായിരുന്നു- റിപ്പോര്‍ട്ട് വ്യക്താക്കി.
എന്നാല്‍ സാമ്പത്തിക ആഘാതം കൂടുതല്‍ നീണ്ടു നില്‍ക്കില്ല എന്ന് മൂഡീസ് പ്രവചിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കൊറോണ മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് യു.എസ്. ഇതുവരെ മൂന്നര ലക്ഷത്തോളം പേരെയാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. മരണം പതിനായിരത്തിന് അടുത്തെത്തി നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായ യു.എസിന്റെ പതനം ആഗോള സാമ്പത്തിക മേഖലയെയും ബാധിക്കുമെന്ന് തീര്‍ച്ചയാണ്.