ഗുജറാത്തില്‍ കോവിഡ് കേസുകള്‍ കുത്തനെയുയരുന്നു; ഏഴ് മരണം കൂടി

അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ കോവിഡ് -19 കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍. ശനിയാള്ച രാവിലത്തേടെ 176 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തെ അപ്ഡേറ്റുകള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണിത്. ഗുജറാത്തിലെ ആകെ കേസുകള്‍ ഇപ്പോള്‍ 1,275 ആയി.

അതേസമയം, സംസ്ഥാനത്ത് പുതിയ ഏഴ് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇത് മരണങ്ങളിലെ ഏറ്റവും വലിയ വര്‍ദ്ധനവ് കൂടിയാണ്, ഗുജറാത്തില്‍ ആകെ മരണം 48 ആയി.

പുതുതായി മരിച്ച ഏഴു പേരില്‍ ആറുപേരും 36 വയസ്സിനും 72 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വഡോദരയില്‍ മരിച്ചയാളാണ് ഏക പുരുഷന്‍.

അതിനിടെ, ഗുരുതരാവസ്ഥയിലുള്ള കോവിഡ് -19 രോഗികള്‍ക്ക് ചികിത്സിക്കാന്‍ പ്ലാസ്മ തെറാപ്പിക്ക് ഗുജറാത്ത് സര്‍ക്കാരിന് കേന്ദ്ര അനുമതി ലഭിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അറുപത്തിയാറ് ലക്ഷം കുടുംബങ്ങള്‍ക്ക് ആയിരം രൂപ ലഭിക്കുമെന്ന് മുഖ്യമന്ത്രി ഓഫീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അശ്വിനി കുമാര്‍ പറഞ്ഞു.

അതേസമയം, കോവിഡ് ബാധിച്ച എംഎല്‍എയുടമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം നിരവധി പേര്‍ നീരീക്ഷണത്തിലാണ്.