ന്യൂഡല്‍ഹി: നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുടെ എണ്ണം ഇന്ത്യയിലും കൂടുന്നു. ഇന്ത്യയിലെ കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ വ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ അതിന്റെ നാലാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചുള്ള മരണം 20 ആയി.
തെലങ്കാനയിലെ ആദ്യ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. ഡല്‍ഹിയില്‍ നിന്നും വന്ന 74 കാരനാണ് കൊറോണ ബാധിച്ച് മരിച്ചത്. ശനിയാഴ്ച ഹൈദരാബാദിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്. തെലങ്കാനയില്‍ ഇന്ന് മാത്രം ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേവരെ 65 പോസിറ്റിവ് കേസുകളാണ് തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ കേരളത്തില്‍ 69 കാരനും മരണം കോവിഡ് ബാധിച്ച് മരണം സംഭവിച്ചിരുന്നു. കൊച്ചി മട്ടാഞ്ചേരി സ്വദേശി സേഠ് യാക്കൂബ് ഹൂസൈനാണ് കേരളത്തിലെ ആദ്യ കോവിഡ് മരണം. മൃതദേഹം ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ മട്ടാഞ്ചേരി കച്ചി മേമന് ജുമാമസ്ജിദില്‍ കബറടക്കി.
അതേസമയം മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗികളുടെ മരണസംഖ്യ ആറിലേക്ക് ഉയര്‍ന്നു. വൈറസ് ബാധ സ്ഥിരീകരിച്ച 85 കാരനായ ഡോക്ടറാണ് അവസാനം മരിച്ചത്.
അതേസമയം, മാര്‍ച്ച് 28 വരെ, ഇന്ത്യയില്‍ അണുബാധ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 900 കടന്നു. ഇതില്‍ 67 രോഗികള്‍ പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം ചികിത്സയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയും 20 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ലോകത്താകെ കോവിഡ്19 ബാധിച്ച് 27,000 ത്തോളം പേര് മരിച്ചു. 586,000 ത്തിലധികം ആളുകളെയാണ് രോഗം ബാധിച്ചത്. ചൈനയേയും ഇറാനേയും ഇറ്റലിയേയും പിന്തളി ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച രാജ്യം അമേരിക്കയായി.