ഇന്ത്യയില്‍ 80 നഗരങ്ങളില്‍ ലോക്ക്ഡൗണ്‍; പരിഭ്രാന്തരാകേണ്ട, നിയന്ത്രണ സമയത്ത് തുറന്നിരിക്കുന്ന കാര്യങ്ങള്‍…

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി സംസ്ഥാനളിലെ പ്രധാന നഗരങ്ങള്‍ അടക്കം രാജ്യത്തെ 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുകയാണ്. കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 75 ജില്ലകളെ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് അവ പൂട്ടിയിടാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്. 31 വരെ പല പ്രധാന നഗരങ്ങളും അടച്ചിടാനാണ് സംസ്ഥാനങ്ങളുടെ തീരുമാനം.

മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക്, പശ്ചിമ ബംഗാള്‍, ചണ്ഡീഗഢ്, ചത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഇതുവരെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം അഞ്ചിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. മാര്‍ക്കറ്റുകളും സിനിമാ തിയേറ്ററുകളും സ്‌കൂളും കോളേജുകളുമെല്ലാം മിക്ക സംസ്ഥാനങ്ങളിലും അടച്ചിട്ടു.

സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കാബിനറ്റ് സെക്രട്ടറിയാണ് ലോക്ക് ഡൗണ്‍ ചെയ്യുന്ന നഗരങ്ങളുടെ പട്ടിക പുറത്തു വിട്ടത്.

എന്താണ് ലോക്ക് ഡൗണ്‍ എന്നും, ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ വരുമ്പോള്‍ അവശേഷിക്കുന്നതെന്താണ്

ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗണ്‍. നിങ്ങള്‍ എവിടെയാണോ അവിടെ തുടരണമെന്നാണ് പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പ്രദേശത്ത് നിന്നോ മാറാന്‍ നിങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല. കോവിഡ് രോഗ വ്യാപനത്തിനെതിരേയുള്ള മുന്‍കരുതലെന്നോണം സമൂഹ വ്യാപനത്തില്‍ നിന്നും ജനതയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് രാജ്യത്തെ 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്നത്.

ലോക്ക്ഡൗണ്‍ കാലയളവിലെ അവശ്യ സര്‍വ്വീസുകള്‍…

അവശ്യസാധന സര്‍വ്വീസുകളെ പൊതുവെ ലോക്കഡൗണ്‍ ബാധിക്കാറില്ല.
പലചരക്ക്, പഴം, പച്ചക്കറി കടകള്‍
പാല്‍, പാല്‍ ഉത്പന്ന ഉത്പാദന വിതരണ ബൂത്തുകള്‍
കുടിവെള്ളം, കാലിത്തീറ്റ, പാചക ഗ്യാസ്
ടെലികോം സേവനങ്ങള്‍, ഇന്ധന പമ്പ് നടത്തിപ്പുകാര്‍.
ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, അരി മില്ലുകള്‍, ഭക്ഷണം ഹോം ഡെലിവറി, ഗോഡൗണുകള്‍
ഇ-കൊമേഴ്സ്
ബാങ്കുകളും എടിഎമ്മുകളും
ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ്.
ആസ്പത്രി, ആരോഗ്യ കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍
പരിമിതമായ പൊതുഗതാഗതം
എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ കാലയളവില്‍ തടസ്സമുണ്ടാവില്ല
എന്നാല്‍, അത്യാവശ്യമല്ലാത്ത എല്ലാ സര്‍വ്വീസുകളും പരിപാടികളും ആഘോഷങ്ങളും ഈ കാലയളവില്‍ പൂര്‍ണ്ണമായും നിര്‍ത്തി വെപ്പിക്കും. അടിയന്തര സാഹചര്യം വന്നാല്‍ ചികിത്സ, ഫാര്‍മസി പോലുള്ള അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാന്‍ തടസ്സമുണ്ടാവില്ല. സംവിധാനങ്ങള്‍ പരിമിതപ്പെടുത്തിയതിനാല്‍ കടകളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലെയും അവശ്യ സാധനങ്ങള്‍ വാങ്ങാനായി ആളുകള്‍ കൂടുന്നതിലും സാധനങ്ങള്‍ കണ്ടമാനം വാങ്ങിക്കൂട്ടി വിപണികളില്‍ ലഭ്യതക്കുറവുണ്ടാക്കരുതിലും വിലക്കുണ്ടാവും.

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ.

ജോലി സ്ഥലത്ത് പോകാനാവുമോ…
കൂലിത്തൊഴിലാളികള്‍ക്കും ദിവസവേതന തൊഴിലാളികള്‍ക്കും ആശ്വാസ സഹായം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ സ്വകാര്യ കമ്പനികളോടെല്ലാം തന്നെ വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ജീവനക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കും വരെ ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉള്‍പ്പെടുത്തി വേണം ഓരോ സ്ഥാപനവും ജോലി ചിട്ടപ്പെടുത്താന്‍.