യുണൈറ്റഡ് നാഷണന്‍സ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ ആറു മാസത്തേക്ക് നീളുകയാണ് എങ്കില്‍ അത് സ്ത്രീകളില്‍ വലിയ ആഘാതം ഉണ്ടാക്കുമെന്ന് യു.എന്‍. ഇക്കാലയളവ് ലോകത്തുടനീളം എഴുപത് ലക്ഷം അപ്രതീക്ഷിത ഗര്‍ഭത്തിന് കാരണമാകുമെന്നാണ് യു.എന്‍ പറയുന്നത്. ലോക്ക്ഡൗണ്‍ മൂലം ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള പ്രയാസങ്ങളെ തുടര്‍ന്നാണ് ഇത്രയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നും യു.എന്‍ പോപുലേഷന്‍ ഫണ്ട് നടത്തിയ പഠനത്തില്‍ പറയുന്നു.
‘ കോവിഡ് 19 സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ ദാരുണമായ ആഘാതം ഉണ്ടാക്കും എന്നതിന്റെ തെളിവാണ് ഈ ഡാറ്റകള്‍. മഹാമാരി അസമത്വങ്ങളുടെ വിടവ് വര്‍ദ്ധിപ്പിക്കാം. ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ ആരോഗ്യത്തെയും ശരീരത്തെയും സംരക്ഷിക്കാനുള്ള പദ്ധതി നഷ്ടപ്പെടും’ – റിപ്പോര്‍ട്ട് പറയുന്നു.
ദരിദ്ര രാഷ്ട്രങ്ങളിലെ സ്ത്രീകളിലാണ് ഇതിന്റെ ആഘാതം കൂടുതല്‍ ഉണ്ടാകുക. ലോക്ക്ഡൗണ്‍ മൂലമുള്ള പ്രശ്നങ്ങള്‍ മൂലം 47 ദശലക്ഷം സ്ത്രീകള്‍ക്കാണ് ആധുനിക ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയാതിരിക്കുക. ഇത് 70 ലക്ഷം അപ്രതീക്ഷിത ഗര്‍ഭങ്ങള്‍ക്ക് കാരണമാകും. 31 ദശലക്ഷം ലൈംഗികാതിക്രമങ്ങള്‍ക്കും സ്ത്രീകള്‍ വിധേയരാകും- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണ്‍ നീളുന്ന ഓരോ മൂന്നു മാസത്തിലും 15 ദശലക്ഷം അധികം ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ടിലുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ ഉള്ള മിക്ക ആരോഗ്യപ്രവര്‍ത്തകരും സ്ത്രീകള്‍ ആയതിനാല്‍ ഈ പദ്ധതികളെയും ഇത്തരം സംഭവങ്ങള്‍ താളം തെറ്റിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.