റിയോ: ഇറ്റലിക്കും അമേരിക്കക്കും പിന്നാലെ ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രമായ ബ്രസീല്‍ കോവിഡിന്റെ അടുത്ത ഹോട്ട്സ്പോട്ടുകളിലൊന്നായി മാറുമെന്ന് ആരോഗ്യ വിദഗ്ധരുട മുന്നറിയിപ്പ്. കോവിഡ് വ്യപനം അനിയന്ത്രിതമായ വര്‍ദ്ധിച്ചതോടെ രാജ്യത്തുടനീളമുള്ള ആസ്പത്രികളും മോര്‍ച്ചറികളും ശ്മശാനങ്ങളും കൊറോണക്കായി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മോര്‍ച്ചറികളിലും സെമിത്തേരികളിലും സ്ഥലമില്ലാതായതിനെ തുടര്‍ന്ന് കൂട്ടക്കുഴിമാടങ്ങളൊരുക്കിയാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. അതേസമയം ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ മഹാമാരിയെ ഇപ്പോഴും നിസ്സാരവല്‍ക്കരിച്ചാണ് കാണുന്നതെന്നത് ആരോഗ്യ വിദഗ്ധരില്‍ അദ്ഭുതമുളവാക്കുന്നുണ്ട്.
നിലവില്‍ 53,000 കോവിഡ് 19 കേസുകളും 3,600 ലധികം മരണങ്ങളും ബ്രസീലില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍
ഇതിനകം ഒരു ദശലക്ഷത്തിലധികം കേസുകള്‍ ഉണ്ടാകാമെന്നാണ് ബ്രസീലിയന്‍ ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. രോഗത്തിന്റെ ഗൗരവത്തിലെടുക്കാത്തതില് ബ്രസീല്‍ ആരോഗ്യമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം തുടരുന്നതായാണ് റിപ്പോര്‍ട്ട്. വൈറസ് വ്യാപനം രാജ്യത്തുണ്ടാകുന്നുവെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വാദങ്ങളെ തള്ളുന്ന നടപടിയാണ് പ്രസിഡന്റ് ബൊല്‍സനാരോയുടെ ഭാഗത്തു നിന്നുണ്ടായത്. വൈറസിനെ തുരത്താനുള്ള കടുത്ത നടപടികള്‍ സ്വീകരിച്ച ആരോഗ്യ മന്ത്രിയെ കഴിഞ്ഞ ദിവസം പ്രസിഡന്റ് പുറത്താക്കിയിരുന്നു.
ബ്രസീലിലെ ആസ്പത്രികള്‍ കൊറോണ രോഗികളെ കൊണ്ട് നിറയുന്ന അവസ്ഥയിലും സ്ഥിതി അതീവ ഗൗരവതരമായിട്ടും സാമൂഹിക അകലം പാലിക്കാനുള്ള കടുത്ത നടപടികള്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മാത്രവുമല്ല മെയ് മാസത്തില്‍ ലോക്ക്ഡൗണില്‍ അയവുവരുത്താനാണ് പ്രസിഡന്റ് ആലോചിക്കുന്നതും.
അതേസമയം, ജെയര്‍ ബോള്‍സോനാരോ മന്ത്രിസഭയിലെ ഏറ്റവും ശക്തനായ മന്ത്രിമാരില്‍ ഒരാളായ സര്‍ജിയോ മോറോയുടെ രാജിയും സര്‍ക്കാറിനെതിരെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റിനായി ആഹ്വാനം വന്നതും കോവിഡിനിടയില്‍ ബ്രസീനുമേല് വലിയതിരിച്ചടിയായിരി്ക്കുകയാണ്
വൈറസിന്റെ പൊട്ടിത്തെറിയെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ റിയോ ഡി ജനീറോയിലും മറ്റുമായി നിരവധി ഫീല്‍ഡ് ആസ് പത്രികള്‍ ഉയരുന്നുണ്ട്. എന്നാല്‍ മാരക്കാന ഫുട്ബോള്‍ സ്റ്റേഡിയം ഉള്‍പ്പെടെ മറ്റ് പ്രധാന നഗരങ്ങളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ തങ്ങളുടെ കീഴിലെ ആസ്പത്രി സംവിധാനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ രോഗികളെത്തിയാല്‍ ഒന്നും അതിനുള്ള സംവിധാനങ്ങളൊന്നുമില്ലെന്ന് അവര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.