ആരോഗ്യ നില തൃപ്തികരമല്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആസ്പത്രിയിലേക്ക് മാറ്റി

ലണ്ടന്‍: ആരോഗ്യ നില തൃപ്തികരമാവാത്ത സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ വിദഗ്ധ ചികിത്സക്കായി ആസ്പത്രിയിലേക്ക് മാറ്റി. പത്തു ദിവസം മുമ്പ് കോവിഡ് 19 ബാധിതനായ ജോണ്‍സനെ രോഗ ലക്ഷണങ്ങള്‍ മാറാത്തത് കൊണ്ട് ആസ്പത്രിയിലേക്ക് മാറ്റിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വേണ്ടിയാണ് ജോണ്‍സനെ ആസ്പത്രിയിലേക്ക് മാറ്റിയതെന്നും ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നുമാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്രദിവസം സ്വവസതിയില്‍ ചികിത്സയിലായിരുന്നു പ്രധാനമന്ത്രിയെ പെട്ടെന്ന് ആസ്പത്രിയിലേക്ക് മാറ്റിയത് കാര്യങ്ങള്‍ അത്ര ഗൗരവമല്ലാത്തതിനെതുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ താപനില ഉള്‍പ്പെടെയുള്ള കോവിഡിന്റെ സാധാരണ രോഗ ലക്ഷണങ്ങള്‍മാത്രമാണ് ബോറിസനുള്ളതെന്നും പതിവ് പരിശോധനകള്‍ക്കായാണ് പ്രധാനമന്ത്രിയെ ഞായറാഴ്ച വൈകുന്നേരം ലണ്ടനിലെ ആസ്പത്രിയിലേക്ക് മാറ്റിയതെന്നും ഹൗസിംഗ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക് പറഞ്ഞു. ആസ്പത്രിയില്‍ രാത്രി ചെലവഴിച്ചിട്ടും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇപ്പോഴും സര്‍ക്കാരിന്റെ ചുമതല വഹിക്കുന്നുണ്ടെന്ന് ഹൗസിംഗ് സെക്രട്ടറി പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സനെ ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ആസ്പത്രിയിലേക്ക് മാറ്റിയത്. ജോണ്‍സന്റെ നില വഷളായാല്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ആയിരിക്കും പ്രധാനമന്ത്രിയുടെ ചുമതലകള്‍ വഹിക്കുക.

അതിനിടെ, ജോണ്‍സന് ആശ്വാസവാക്കുകളുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി.

”എല്ലാ അമേരിക്കക്കാരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം എന്റെ ഒരു നല്ല സുഹൃത്ത്, ഒരു വലിയ മാന്യന്‍, ഒരു മികച്ച നേതാവ്,” ട്രംപ് പറഞ്ഞു, ”ശക്തനായ വ്യക്തി” ആയതിനാല്‍ പ്രധാനമന്ത്രി സുഖമായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് പറഞ്ഞു.