കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നു; നൂറ്റാണ്ടിനിടെ ആദ്യമായി സംസ്ഥാന അതിര്‍ത്തി അടച്ച് ആസ്ത്രേലിയ

Chicku Irshad

സിഡ്‌നി: ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടക്കുമെന്ന് വിക്ടോറിയ സംസ്ഥാന പ്രഥമ ഡാനിയല്‍ ആന്‍ഡ്രൂസ് തിങ്കളാഴ്ച പറഞ്ഞു. കൊറോണ വൈറസിന്റെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് വിക്ടോറിയയുടെ തലസ്ഥാനത്ത് കേസുകള്‍ കുത്തനെ വര്‍ദ്ധിച്ചതോടെയാണിത്. 100 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ആസ്‌ത്രേലിയയില്‍ അയല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി അടക്കുന്നത്. നേരത്തെ 1919 ല്‍ സ്പാനിഷ് ഇന്‍ഫ്‌ലുവന്‍സ സമയത്താണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഗതാഗതം അവസാനമായി തടഞ്ഞത്.

വിക്ടോറിയയുടെ തലസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നൂറുകണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തരംഗത്തിലെ പുതിയ അണുബാധകളില്‍ 95 ശതമാനത്തിലധികവും വിക്ടോറിയയിലാണ്. ബുധനാഴ്ച മുതലാണ് ഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ വരുക. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, എന്‍എസ്ഡബ്ല്യു പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ എന്നിവരുമായുള്ള സംയുക്ത തീരുമാനത്തിന് ശേഷമാണിതെന്നും വിക്ടോറിയയുടെ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു.

”ഇത് മുന്‍കരുതല്‍ നടപടികളിലൊന്നാണ് – വൈറസിന്റെ വ്യാപനം ഉള്‍ക്കൊള്ളാന്‍ ഇത് ഞങ്ങളെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു,” ആന്‍ഡ്രൂസ് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോവിഡ് ലോക്ക്ഡൗണ്‍ പൂര്‍ണ്ണ വിജയമായ സമീപ രാജ്യമായ ന്യൂസ്‌ലാന്‍ഡില്‍ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റിയിരിക്കെയാണ് ആസ്ത്രേലിയയില്‍ കോവിഡിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തത്. മുമ്പ്, മിക്ക കേസുകളും വിദേശത്തുനിന്നും എത്തിയ നിരീക്ഷണത്തിലുള്ള ആളുകളിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രണ്ടാം ഘട്ട വ്യാപനത്തിലെ 80 ശതമാനവും കമ്മ്യൂണിറ്റി സ്പ്രഡാണെന്നാണ് റിപ്പോര്‍ട്ട്. ”ഓസ്ട്രേലിയയില്‍ ഇത് അഭൂതപൂര്‍വമാണ്. ഇതുപോലൊന്ന് ഞങ്ങള്‍ കണ്ടിട്ടില്ല,” എന്‍എസ്ഡബ്ല്യു പ്രീമയര്‍ ബെറെജിക്ലിയന്‍ പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ നിയന്ത്രണം ലംഘിച്ച് അതിഥികളുമായി പരസ്പരം ഇടപഴകുന്നതിലൂടെ വിക്ടോറിയയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്വാറന്റൈന്‍ സെന്ററുകളില്‍ നിന്നും നിരവധി രോഗ വ്യാപനം കണ്ടെത്തിയിട്ടുണ്ട്.

ജൂണ്‍ തുടക്കത്തില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നതോടെ വൈറസ് അടങ്ങിയതായ നിഗമനത്തിലായിരുന്നു ഭരണകൂടം. എന്നാല്‍ വിക്ടോറിയയില്‍ തിങ്കളാഴ്ച 127 പുതിയ അണുബാധകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് – പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദൈനംദിന വര്‍ദ്ധനവാണിത്.

അതേസമയം, ആഗോള കൊവിഡ് കണക്കില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമതെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 24,248 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് 20000ത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതര്‍ ഏഴ് ലക്ഷത്തോളമായി. കോവിഡ് വ്യാപനത്തില്‍ ബ്രസീലും രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയും മാത്രമാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ളത്.