നമ്മുടെ ശരീരത്തില്‍ കൊറോണ വൈറസ് പ്രവേശിച്ചിട്ടുണ്ടോ; കണ്ടെത്തുന്ന വഴി അറിയാം

ലോകം കൊറോണ വൈറസിന്റെ പിടിയിലായിട്ട് രണ്ട് മാസത്തിലേറെയായി. ലോകത്ത് 7000 ഓളം മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ചൈനയ്ക്ക് പുറമെ ഇറ്റലിയിലും ഇറാനിലുമാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡ്19 കണ്ടെത്താനുള്ള രോഗനിര്‍ണയരീതികള്‍ എന്തെല്ലാമാണ്, ടെസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദരുടേയും ലഭ്യത എത്ര മാത്രമുണ്ട്, അവയുടെ ചെലവ്, ഗുണപ്രാപ്തി എന്നിവയെല്ലാം പരിഗണനാവിധേയമാക്കേണ്ടതുണ്ട്.

രോഗനിര്‍ണയ ടെസ്റ്റുകള്‍:

പ്രധാനമായും മൂന്ന് സങ്കേതങ്ങളാണ് കോവിഡ് രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്നത്.

  1. വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതികള്‍
  2. വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആന്റിബോഡികള്‍ (പ്രതിവസ്തുക്കള്‍) കണ്ടെത്തുന്ന രീതികള്‍
  3. ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികള്‍.

വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതികള്‍:

കോവിഡ്19 എന്ന രോഗമുണ്ടാക്കുന്ന SARS-CoV-2 (പഴയ പേര് NCoV-19) എന്ന പുതിയ RNA വൈറസിന്റെ ജനിതകക്രമം പൂര്‍ണമായി കണ്ടെത്തുന്നതാണ് രോഗനിര്‍ണയത്തിന്റെ ഏറ്റവും ആധികാരികമായ രീതി. ഇതിന് ജനറ്റിക് സീക്വന്‍സിങ് എന്നാണ് പറയുന്നത്.

പക്ഷേ, സീക്വെന്‍സിങ്ങ് എന്ന ടെസ്റ്റ് എല്ലാ രോഗികള്‍ക്കും ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ചെലവും സമയവുമൊക്കെ പ്രശ്‌നം. പകരം വൈറസിന്റെ ജനിതകക്രമത്തിലെ തനതായ ഭാഗങ്ങള്‍ മാത്രമായി അതായത് മറ്റുള്ള വൈറസുകളില്‍ കാണാത്ത ഭാഗങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നു നോക്കിയാല്‍ അണു അകത്ത് കയറിയിട്ടുണ്ടോ എന്ന് പറയാനാകും. PCR (Polymerase Chain Reaction) എന്ന ടെസ്റ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. RNA വൈറസ് ആയതു കൊണ്ട് ആദ്യം അതിനെ Reverse Transcriptase എന്ന എന്‍സൈം ഉപയോഗിച്ച് DNA ആയി മാറ്റേണ്ടി വരും. അതിനാല്‍ RT-PCR എന്ന ടെസ്റ്റാണ് കൃത്യമായി പറഞ്ഞാല്‍ ഉപയോഗിക്കുക.

PCR ടെസ്റ്റിന്റെ ഏറ്റവും വലിയ ഗുണം അതിന്റെ കൃത്യതയാണ് (സാങ്കേതികമായി പറഞ്ഞാല്‍ ‘specifictiy’ അതായത് തെറ്റാനുള്ള സാധ്യത വളരെ കുറവ്). രോഗാണു അകത്തു കയറിക്കഴിഞ്ഞാല്‍ വേഗത്തില്‍ തന്നെ ടെസ്റ്റ് പോസിറ്റീവ് ആകുമെന്നതാണ് മറ്റൊരു ഗുണം. പക്ഷേ, രോഗമുള്ള എല്ലാവരിലും ഇത് പോസിറ്റിവ് ആവണമെന്നില്ല. സാധാരണ ഗതിയില്‍ രോഗണുബാധിതരായ 10-20% പേരില്‍ ടെസ്റ്റ് നെഗറ്റീവ് ആവാം. വൈറസ് അടങ്ങുന്ന സ്രവങ്ങള്‍ എടുക്കുന്ന രീതിയിലെ പിഴവുകള്‍, മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഇതിനു കാരണമാവാം. കൂടാതെ രോഗാണുവിനെതിരെ ശരീരത്തിന്റെ പ്രതിരോധം വിജയിക്കുന്നതിനനുസരിച്ച് രോഗാണുവിന്റെ എണ്ണം കുറയുന്നതും നെഗറ്റീവ് ടെസ്റ്റിനു കാരണമാവാം.

വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആന്റിബോഡികള്‍ കണ്ടെത്തുന്ന രീതികള്‍:

മനുഷ്യനെ ബാധിക്കുന്ന പല പകര്‍ച്ചവ്യാധികളും ലബോറട്ടറിയില്‍ നിര്‍ണയിക്കുന്നത് അവയ്‌ക്കെതിരെയുള്ള ആന്റിബോഡികള്‍ രക്തത്തില്‍ ഉണ്ടോ എന്നു നോക്കിയാണ്. രോഗം വന്ന് ഏതാനും ദിവസങ്ങള്‍ക്കകം ശരീരം ആന്റിബോഡികള്‍ നിര്‍മിച്ചു തുടങ്ങും. IgM, IgG ആന്റിബോഡി ടെസ്റ്റുകള്‍ ചെയ്യുന്നത് വഴി രോഗനിര്‍ണയം നടത്താവുന്നതാണ്.

പക്ഷേ ഈ ടെസ്റ്റുകള്‍ രോഗാണു അകത്തു കടന്ന് കഴിഞ്ഞ് സുമാര്‍ 10 ദിവസമെങ്കിലും കഴിഞ്ഞേ പോസിറ്റിവ് ആവുകയുള്ളൂ. മിക്ക കേസുകളും പോസിറ്റിവ് ആവണമെങ്കില്‍ 14 ദിവസമെങ്കിലും കഴിയണം.

വളരെ പെട്ടെന്ന്, വളരെ കുറച്ച് രക്തം ഉപയോഗിച്ച് ELISAയ്ക്ക് സമാനമായ Rapid (അതിവേഗ) ആന്റിബോഡി ടെസ്റ്റുകള്‍ കോവിഡ്19 രോഗത്തിനു വേണ്ടി ചില കമ്പനികള്‍ ഇറക്കിയിട്ടുണ്ട്. ചൈനയില്‍ ഇന്ന് വ്യാപകമായി ഇവയാണ് ഉപയോഗിക്കപ്പെടുന്നത്. കൂടുതല്‍ പേരെ പരിശോധിക്കാനും കൊണ്ടാക്ടുകളെ കണ്ടെത്താനും, എപ്പിഡമിയോളജിക്കല്‍ പഠനങ്ങള്‍ക്കുമൊക്കെ ഏറ്റവും അനുയോജ്യം ഈ ടെസ്റ്റുകളാണെന്ന് കാര്യത്തില്‍ തര്‍ക്കമില്ല.

ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികള്‍:

CT Scan ആണ് ഇവയില്‍ ഏറ്റവും പ്രധാനം. ശ്വാസകോശങ്ങളെ ബാധിക്കുന്ന കോവിഡ് കേസുകള്‍ കണ്ടെത്താന്‍ അനുയോജ്യമാണ് ഈ ടെസ്റ്റ്.

വളരെ കൂടുതല്‍ പേരെ രോഗനിര്‍ണയ ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയ രാജ്യങ്ങള്‍ക്കാണ് പൊതുവില്‍ രോഗത്തിന്റെ വ്യാപന തോത് കുറച്ചു കൊണ്ടുവരാനായത് എന്നതിനാല്‍ ആ വഴി സ്വീകരിക്കുന്നതാവും നമുക്കും ഉചിതം. PCR എന്ന ഒരു ടെസ്റ്റിലൂടെ മാത്രം നമുക്ക് ഇതു സാധ്യമാവുകയില്ല. കൂടുതല്‍ പേരെ പെട്ടെന്ന് ടെസ്റ്റു ചെയ്യാവുന്ന Rapid ആന്റിബോഡി ടെസ്റ്റുകള്‍ കൂടെ ചേര്‍ക്കുന്നതായിരിക്കും നമ്മുടെ രോഗ നിയന്ത്രണ പരിപാടികള്‍ക്ക് ഏറ്റവും അനുയോജ്യം.

SHARE