പ്രതലത്തിലൂടെ കൊറോണ വൈറസ് എളുപ്പത്തില്‍ പടരില്ലെന്ന് പുതിയ റിപ്പോര്‍ട്ട്

ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്കാണ് കൊറോണ വൈറസ് പ്രാഥമികമായും പടരുന്നതെന്നും അണുക്കള്‍ പറ്റി പിടിച്ച പ്രതലങ്ങളിലൂടെ അത്ര എളുപ്പത്തില്‍ പടരില്ലെന്നും പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ദേശീയ പൊതു ആരോഗ്യ കേന്ദ്രമായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് (സിഡിസി) ഇത് സംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം ഇറക്കിയിരിക്കുന്നത്.

അണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നതല്ല വൈറസിന്റെ പ്രാഥമിക വ്യാപന മാര്‍ഗമെന്ന് സിഡിസി തങ്ങളുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. രോഗബാധിതരായ മൃഗങ്ങളോട് ഇടപെടുന്നതും പ്രധാന രോഗവ്യാപന മാര്‍ഗമല്ലെന്നും സിഡിസി പറയുന്നു. വ്യക്തികള്‍ തമ്മില്‍ ആറ് അടി ദൂരത്തിനുള്ളില്‍ അടുത്ത് ഇടപഴകുമ്പോഴാണ് കൊറോണ വൈറസ് പ്രധാനമായും പടരുന്നതെന്നും സിഡിസി വക്താവ് ക്രിസ്‌റ്റെന്‍ നോര്‍ഡ്‌ലണ്ട് പറയുന്നു.

എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനമോ വിശദീകരണമോ കൂടാതെ ഇത്തരത്തില്‍ വൈബ്‌സൈറ്റിലൂടെ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയ നടപടിക്കെതിരെ ആരോഗ്യ രംഗത്തുള്ളവര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

SHARE