കൊറോണ വൈറസ് വിമാനത്താവളത്തില്‍ മുന്‍കരുതല്‍


നെടുമ്പാശേരി: നോവല്‍ കൊറോണ വൈറസ് രോഗത്തിന്റെ (എന്‍സിഒവി) ഭീഷണി കണക്കിലെടുത്ത് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും ആരോഗ്യകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശപ്രകാരമാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര ടെര്‍മിനലിലെ ഇമിഗ്രേഷന്‍ ഡെസ്‌ക്കിന് സമീപം പ്രത്യേക ആരോഗ്യ കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങി. സംശയാസ്പദമായ പ്രദേശങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചും ഇവിടെ നിന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കും. എല്ലാ ടച്ച് പോയിന്റുകളും ശുദ്ധീകരിച്ചു. അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക മാസ്‌കുകളും കയ്യുറകളും വിതരണം ചെയ്തിട്ടുണ്ട്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ ഒരു ഇന്‍സുലേഷന്‍ വാര്‍ഡും പ്രവര്‍ത്തനം തുടങ്ങി. സംശയാസ്പദമായ യാത്രക്കാരെ അതിവേഗം മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ അണുവിമുക്തമാക്കിയ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരോക്ഷമായ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തിയ 28 യാത്രക്കാരെ ഇതുവരെ സ്‌ക്രീനിംഗ് പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാ പരിശോധനകളിലും നെഗറ്റീവ് ഫലമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഭയപ്പെടേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.