കൊറോണയെ നേരിടാന്‍ ഗോമൂത്ര സല്‍ക്കാരത്തിനൊരുങ്ങി ഹിന്ദു മഹാസഭ

ലോകത്താകമാനം കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്താനൊരുങ്ങി ഹിന്ദുമഹാസഭ. ഗോമൂത്രവും ചാണകക്കേക്കുമാണ് കൊറോണയെ തടയാനുള്ള ഹിന്ദു മഹാസഭയുടെ പ്രതിവിധി. ചായ സല്‍ക്കാര മാതൃകയില്‍ രാജ്യമെമ്പാടും ഇതിനായി ഗോമൂത്ര പാര്‍ട്ടി നടത്താനും ഗോമൂത്രത്തിനൊപ്പം ചെറുകടിയായി ചാണക കേക്കും ലഭ്യമാക്കുമെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് അറിയിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഉടന്‍ ചത്തുപോകുമെന്നും ചക്രപാണി മഹാരാജ് പറഞ്ഞു.

ഗോമൂത്രം, ചാണക വറളി തുടങ്ങിവയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ കൊറോണ വൈറസിനെ തുരത്താമെന്ന അവബോധം സൃഷ്ടിക്കുകയാണ് സല്‍ക്കാരത്തിന്റെ പ്രധാന ലക്ഷ്യം. ഗോമൂത്ര വില്‍പ്പനക്കായി പ്രത്യേക കൗണ്ടറുകള്‍ തുറക്കും. ചാണകകേക്കും അഗര്‍ബത്തിയും ഇതുവഴി വില്‍പ്പന നടത്തും. ഗോമൂത്ര സല്‍ക്കാരം ആദ്യം സംഘടിപ്പിക്കുക ഡല്‍ഹിയിലെ ഹിന്ദു മഹാസഭ ഭവനിലായിരിക്കും. അതിനുശേഷം രാജ്യം മൊത്തം വ്യാപിപ്പിക്കും.

SHARE