ആശങ്കയേറുന്നു; ഓടയിലും വൈറസെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അഴുക്കുചാലില്‍ കോവിഡ് പകര്‍ച്ചവ്യാധിക്ക് കാരണക്കാരനായ സാര്‍സ് സിഒവി 2 വൈറസിനെ കണ്ടെത്തിയെന്ന് ഐഐടി റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ അഴുക്കുചാലില്‍ നിന്ന് എടുത്ത സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് സാര്‍സിസിഒവി 2 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കൊറോണ വൈറസിന്റെ പകര്‍ച്ചവ്യാധിക്ക് ഇടയാക്കാത്ത ജീനുകളെയാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. കോവിഡ് വ്യാപനം കൃത്യമായി അറിയാന്‍ അഴുക്കുചാലുകള്‍ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കണമെന്ന് ഐഐടി ഗാന്ധിനഗര്‍ നിര്‍ദേശിച്ചു.

അതേസമയം, രാജ്യത്ത് ആശങ്ക ഇരട്ടിയാക്കി കോവിഡ് വ്യാപനം തുടരുകയാണ്. തുടര്‍ച്ചയായ നാലുദിവസങ്ങളില്‍ പ്രതിദിനം പതിനായിരത്തോളം കോവിഡ് ബാധിതരെയാണ് കണ്ടെത്തിയത്.

നിലവില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ് എന്നി രാജ്യങ്ങളില്‍ അഴുക്കുചാലില്‍ സാര്‍സ് സിഒവി 2 വൈറസിന്റെ തന്മാത്രകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ പോലുളള രാജ്യത്ത് അഴുക്കുചാലുകളില്‍ നിരീക്ഷണം ശക്തമാക്കേണ്ടത് അനിവാര്യമാണ്. വൈറസ് ബാധയേറ്റ ആളിന്റെ വിസര്‍ജ്ജ്യത്തിന് പുറമേ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗികളുടെ വിസര്‍ജ്ജ്യത്തില്‍ നിന്നും രോഗാണുക്കള്‍ അഴുക്കുചാലില്‍ എത്താം. അഴുക്കുചാലില്‍ നിരീക്ഷണം ശക്തമാക്കിയാല്‍ ഇതിന്റെ സാന്നിധ്യം എത്രത്തോളം ഉണ്ടെന്ന് കൃത്യമായി അറിയാന്‍ സാധിക്കുമെന്നും ഐഐടി ഗാന്ധിനഗറിലെ പ്രൊഫസറായ മനീഷ് കുമാര്‍ പറയുന്നു.

അഴുക്കുചാലിലൂടെ രോഗവ്യാപനം ഉണ്ടാകില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വൈറസിന്റെ വെളളത്തിലുളള അതിജീവനത്തിന് അന്തരീക്ഷ ഊഷ്മാവ് തടസമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

SHARE