കൊറോണ മരണം 106; കൊച്ചി വിമാനത്താവളത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി

ബീജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി. വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിച്ച ഹൂബൈ പ്രവിശ്യയില്‍ 24 പേര്‍ കൂടിയാണ് കൊറോണ ബാധിച്ച് മരിച്ചത്. അതേ സമയം കൊറോണ രോഗം ബാധിച്ചവരുടെ എണ്ണത്തിലും നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 4193 പേര്‍ക്ക് രോഗം ബാധിച്ചതായി ചൈനീസ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മാത്രം ആയിരത്തോളം പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗ ബാധ സ്ഥിരീകരിച്ചവരില്‍ പകുതിയിലധികവും ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ മിക്കവരും ഇവിടെയുള്ളവരാണ്. മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ധനവാണ് ഒരു ദിവസത്തിനിടെ ഉണ്ടായിട്ടുള്ളത്.

ഹൂബൈ പ്രവിശ്യക്കു പുറമെ ഹൈനാന്‍ പ്രവിശ്യയില്‍ നിന്നും ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ച. 80 വയസുകാരിയാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്.

അതിവേഗം പടരുന്ന വൈറസിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബീജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളിള്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുന്നത്. ചൈനീസ് പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ പ്രവിശ്യകളായ ഗ്വാങ്ഡോങ്, ജിയാങ്സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൂബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് കൊറോണ വൈറസ് ചൈനയിലും ലോകമെമ്പാടും പടര്‍ന്നു പിടിച്ചത്. പടര്‍ന്നുപിടിക്കാനുള്ള വൈറസിന്റെ ശേഷി വര്‍ധിക്കുന്നതായാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ സാര്‍സിന് സമാനമായ അവസ്ഥയാണ് ചൈന നേരിടേണ്ടി വരിക. 2002ല്‍ ചൈനയിലും ഹോങ്കോങിലും സാര്‍സ് രോഗം പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ചൈനക്കു പുറമെ അര്‍ധ സ്വയം ഭരണ പ്രദേശങ്ങളായ മക്കാവുവിലും ഹോങ്കോങിലും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ജയ്പൂരിലും, പറ്റ്‌നയിലും കൊല്‍ക്കത്തയിലും ഓരോരുത്തരെ വീതം രോഗം സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേ സമയം ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചു. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളില്ലാത്തവരടക്കം വുഹാനിലും ഹൂബെയിലുമുള്ള ഇന്ത്യക്കാര്‍ ചൈനയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവരെ കൊണ്ടു വരുന്നതിനായി പ്രത്യേക വിമാനം തയാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയില്‍ നിന്നും മടങ്ങി എത്തിയ ആളെ രോഗ ലക്ഷണങ്ങളോടെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, തായ്‌വാന്‍, ജപ്പാന്‍, യു.എസ്.എ, വിയറ്റ്‌നാം, സിംഗപ്പൂര്‍, മലേഷ്യ, നേപ്പാള്‍, ഫ്രാന്‍സ്, കനഡ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ വാഷിങ്ടണ്‍, ഷിക്കാഗോ, തെക്കന്‍ കാലിഫോര്‍ണിയ, അരിസോണ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഹൂബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ മത്സ്യ മാര്‍ക്കറ്റാണ് കൊറോണയുടെ പ്രഭവ കേന്ദ്രമായി കണക്കു കൂട്ടുന്നത്. ഇവിടെ വന്യമൃഗങ്ങളേയും വില്‍പന നടത്തിയിരുന്നു. ജനുവരി ഏഴിനാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പനി, ശ്വാസ തടസ്സം, കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുക, കടുത്ത ചുമ, ന്യൂമോണിയ തുടങ്ങിയവയാണ് കൊറോണയുടെ ലക്ഷണങ്ങള്‍. കൊറോണ ബാധിച്ചാല്‍ രണ്ടു മുതല്‍ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.
കൂടാതെ തുമ്മല്‍, മൂക്കൊലിപ്പ്, ക്ഷീണം, ചുമ, തൊണ്ട വേദന, ആസ്മ എന്നിവയും ഉണ്ടാകാം. കൃത്യമായ മരുന്നുകള്‍ രോഗത്തിനെതിരെ കണ്ടെത്തിയിട്ടില്ല എന്നത് ഇതിന്റെ തീവ്രത വെളിപ്പെടുത്തുന്നു.

കൊച്ചി വിമാനത്താവളത്തിലെ മുന്നൊരുക്കങ്ങള്‍ കേന്ദ്രസംഘം വിലയിരുത്തി

നെടുമ്പാശേരി: കൊറോണ വൈറസ് ഭീഷണി നേരിടാന്‍ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി. മുന്നൊരുക്കങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയ 178 യാത്രക്കാരുടെ വിവരങ്ങള്‍ സംഘം പരിശോധിച്ചു. ചൈനയിലടക്കം സന്ദര്‍ശനം കഴിഞ്ഞ് നിരവധി പേര്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എടുത്തിരിക്കുന്ന മുന്നൊരുക്കങ്ങള്‍ എത്രമാത്രമുണ്ടെന്നും കുടുതല്‍ മുന്‍കരുതലുകള്‍ എന്തെങ്കിലും സ്വീകരിക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്രസംഘം പരിശോധിക്കുന്നത്. സന്ദര്‍ശനത്തിന് ശേഷം വിശദമായ റിപ്പോര്‍ട്ട് സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഡല്‍ഹിയിലെ ലേഡി ഹാന്‍ഡിങ് മെഡിക്കല്‍ കോളജിലെ പള്‍മോണോളജിസ്റ്റ് ഡോ. പുഷ്‌പേന്ദ്രകുമാര്‍ വര്‍മ്മ, ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലിലെ ഇന്റേര്‍ണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. രമേശ് ചന്ദ്ര മീണ, കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഡോ. ഷൗക്കത്തലി, ഡോ. ഹംസക്കോയ, ഡോ. റാഫേല്‍ റെഡ്ഡി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.