ലാബില്‍ നടത്തിയ പരീക്ഷണത്തില്‍ കൊറോണ വൈറസിനെ കൊന്നു; പ്രതീക്ഷ നല്‍കി ഗവേഷകര്‍

കൊറോണാ വൈറസിനെതിരെ ലോകമെമ്പാടും വാക്‌സിന്‍ ഗവേഷണത്തിന്റെ തിരക്കിലാണ്. അതിനിടയില്‍ ഓസ്‌ട്രേലിയയിലെ ലാബില്‍ നിന്ന് വരുന്നത് ശുഭവാര്‍ത്തയാണ്. ലാബില്‍ നടത്തിയ ടെസ്റ്റില്‍ സെല്‍ കള്‍ച്ചറില്‍ വളര്‍ന്ന കോവിഡ്19 വൈറസിനെ ഐവര്‍മെക്ടിന്‍ എന്ന പരാന്നഭോജികള്‍ക്കുള്ള സുലഭമായ മരുന്നുപയോഗിച്ച് കൊല്ലാന്‍ സാധിച്ചതായി ഗവേഷകര്‍ വെളിപ്പെടുത്തി. കേവലം 48 മണിക്കൂര്‍ മാത്രമാണ് ഇതിനെടുത്തതെന്നും അവര്‍ പറഞ്ഞു. ഐവര്‍മെക്ടിന്‍ എഫ്ഡിഎ അംഗീകരിച്ച മരുന്നാണെന്നുള്ളതും ഇതില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആന്റിവൈറല്‍ റിസേര്‍ച്ച് എന്ന പ്രസിദ്ധീകരണത്തിലാണ് മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ തങ്ങളുടെ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഒരു ഡോസ് ഐവര്‍മെക്ടിന്‍ സെല്‍കള്‍ച്ചറില്‍ വളര്‍ന്നുവന്ന സിവിയുടെ വളര്‍ച്ച തടഞ്ഞു എന്നാണ് ഗവേഷകര്‍ പറയുന്നത്. വൈറസിന്റെ എല്ലാ ജനിതക പദാര്‍ഥങ്ങളും രണ്ടു ദിവസത്തിനുള്ളില്‍ പരിപൂര്‍ണ്ണമായി നശിപ്പിക്കാന്‍ സാധിച്ചതായി അവര്‍ പറയുന്നു.

മരുന്ന് ഇനിയും ആളുകളില്‍ പരീക്ഷിക്കാനിരിക്കുന്നതേയുള്ളൂ. ഐവര്‍മെക്ടിന്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരു മരുന്നാണെന്നതു കൂടാതെ, അത് സുരക്ഷിതമാണെന്നുമാണ് കരുതുന്നത്. എന്നാല്‍, മനുഷ്യര്‍ക്ക് ഇത് ഏത് അളവില്‍ നല്‍കാമെന്ന കാര്യം ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി. എന്നാല്‍, ഐവര്‍മെക്ടിന്‍ കൊറോണാ വൈറസിനെതിരെ ഫലപ്രദമായി ഉപയോഗിക്കാനാകുമോ എന്ന കാര്യം തീര്‍ച്ചപ്പെടുത്തണമെങ്കില്‍ പ്രീക്ലിനിക്കല്‍ ടെസ്റ്റുകളും ക്ലിനിക്കല്‍ ടെസ്റ്റുകളും നടത്തണം. ഇതിനായി അടിയന്തരമായി ധനസഹായം വേണമെന്ന് ഗവേഷകര്‍ അറിയിച്ചു.

SHARE