കൊറോണ വൈറസിനെ വരുതിയിലാക്കാന്‍ ലോകത്ത് നടക്കുന്നത് 657 വൈദ്യശാസ്ത്ര പഠനങ്ങള്‍

ലോകം മുഴുവന്‍ മാരകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ വരുതിയിലാക്കാന്‍ വിവിധ രാജ്യങ്ങളിലായി 657 വൈദ്യശാസ്ത്ര പഠനങ്ങളാണ് നടക്കുന്നതെന്ന് യുഎസ് നാഷണല്‍ ലബോറട്ടറി ഓഫ് മെഡിസിന്‍, ലോകാരാരോഗ്യ സംഘടന എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസിനെതിരായ മരുന്ന് മുതല്‍ വൈറസിന്റെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും പ്രതിരോധ മരുന്ന് കണ്ടെത്തുന്നതിനുമൊക്കെയുള്ള പഠനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ മാത്രം 126 ഗേവഷണങ്ങളാണ് നടക്കുന്നത്. പ്ലാസ്മ ചികിത്സ മുതല്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വരെയുള്ള വിവിധ മേഖലകളില്‍ പഠനം നടക്കുന്നുണ്ട്.
കൊറോണ വൈറസിന്റെ പ്രാരംഭ കേന്ദ്രം എന്ന് കരുതപ്പെടുന്ന ചൈനയില്‍ ഇതുമായി ബന്ധപ്പെട്ട് 96 പഠനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നടക്കുന്നത് നാല് ക്ലിനിക്കല്‍ പഠനങ്ങളാണ്. എന്നാല്‍ ഇന്ത്യയില്‍ പ്രതിരോധ മരുന്ന് ഗവേഷണങ്ങളൊന്നും ഇതുവരെ വൈദ്യശാസ്ത്ര പരീക്ഷണ ഘട്ടത്തില്‍ എത്തിയിട്ടില്ല.

SHARE