കൊറോണയുടെ രണ്ടാം വരവ് കൂടുതല്‍ അപകടകരമാവും; ഡോക്ടര്‍മാര്‍ ആശങ്കയില്‍

കൊറോണ വൈറസിന്റെ രണ്ടാം വരവ് തികച്ചും വ്യത്യസ്തവും കൂടുതല്‍ അപകടകാരിയുമാണെന്ന ആശങ്കയില്‍ ചൈനീസ് ഡോക്ടര്‍മാര്‍. വടക്കുകിഴക്കന്‍ മേഖലയില്‍ പുതുതായി രോഗബാധിതരായവരില്‍ വൈറസ് പ്രകടമാകുന്നത് രോഗബാധ പൊട്ടിപ്പുറപ്പെട്ട വുഹാനിലേതില്‍നിന്നു വ്യത്യസ്തമായാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. അജ്ഞാതമായ രീതിയില്‍ വൈറസിനു മാറ്റം വരുന്നുവെന്നതിന്റെ സൂചനയാണിതെന്നും അവര്‍ ആശങ്കപ്പെടുന്നു.

വുഹാനില്‍ വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. എന്നാല്‍ പുതിയ രോഗികളില്‍ ഏറെ വൈകിയാണു രോഗലക്ഷണം പ്രകടമാകുന്നത്. വൈറസ് പ്രതിരോധത്തെ ഇതു കൂടുതല്‍ സങ്കീര്‍ണമാക്കാനാണു സാധ്യത. ഇതു രോഗികളെ കണ്ടെത്തി രോഗവ്യാപനം തടയാനുള്ള അധികൃതരുടെ നീക്കങ്ങള്‍ക്കു തിരിച്ചടിയാവുകയാണ്.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുള്ള രാജ്യങ്ങളിലൊന്നായ റഷ്യയില്‍നിന്നെത്തിയവരില്‍നിന്നാണ് വടക്കുകിഴക്കന്‍ ഭാഗത്തുള്ളവര്‍ക്ക് രോഗം പടര്‍ന്നതെന്നാണു കരുതുന്നത്. ഇവിടെ 10% പേര്‍ക്കു മാത്രമേ രോഗം ഗുരുതരമായിട്ടുള്ളു. 26% പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വൈറസിന്റെ രീതികളില്‍ ഉണ്ടാകുന്ന മാറ്റം രോഗവ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കും വിപണി തുറക്കാനുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്.

SHARE