കൊറോണ ഭീഷണി; തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

കരിപ്പൂരില്‍ ഉംറ യാത്രക്കെത്തിയ 400 പേരെ തിരിച്ചയച്ചു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ യാത്രക്കായി എത്തിയ 400 ഓളം പേരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. കൊറോണ ഭീഷണി ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തി വെച്ച സാഹചര്യത്തിലാണിത്.

ഇന്നലെ പുലര്‍ച്ചെ 4.40 മുതല്‍ രാവിലെ 11.30 വരെ വിവിധ വിമാനങ്ങളില്‍ പുറപ്പെടാന്‍ എത്തിയ ഉംറ യാത്രക്കാരുടെ യാത്രയാണ് ഇത് വഴി മുടങ്ങിയത്. മൂന്ന് സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പുറപ്പെടാന്‍ എത്തിയ ഇവര്‍ക്ക് അവസാന നിമിഷമാണ് വിലക്കുള്ള സന്ദേശം ലഭിക്കുന്നത്. ഇത് പ്രായം ചെന്ന ഉംറ യാത്രക്കാര്‍ക്ക് പ്രയാസം ഉണ്ടാക്കി. സൗദി എയര്‍ ലൈന്‍സ്, ഇത്തിഹാദ്, സ്‌പെയ്‌സ് ജെറ്റ് എന്നിവയില്‍ പുറപ്പെടാന്‍ എത്തിയ ഇവരില്‍ അധിക പേരും ഇഹ്‌റാം ചെയ്തവരായിരുന്നു. പലരും വിമാനത്തില്‍ കയറിയിരുന്നു. തുടര്‍ന്നുള്ള സര്‍വീസുകളില്‍ പോവേണ്ടവരെ ബന്ധപ്പെട്ട ഏജന്‍സികള്‍ വിവരം നല്‍കി. കൊറോണ ഭീതി ഉയര്‍ന്നതോടെ സഊദിയിലേക്ക് ലോക രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം ഇതു സംബന്ധിച്ച് മുന്‍കൂട്ടി വിവരമൊന്നും ലഭിച്ചിരുന്നില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു പറഞ്ഞു. കൊറോണ വ്യാപകമായി പടരുന്നതിനിടെ മുന്‍കരുതല്‍ എന്ന നിലക്കാണ് സഊദി മക്കയിലും മദീനയിലും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും സഊദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് വിലക്ക് ബാധകമല്ല.