ഇന്ത്യയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് ജനുവരി 30 നായിരുന്നു.കേരളത്തിലായിരുന്നു ഇത്. എന്നാല്‍ ചൈനയിലെ വുഹാനില്‍നിന്ന് വ്യാപിച്ച കൊറോണ വൈറസിന്റെ വിഭാഗത്തിന്റെ പൂര്വ്വികന് 2019 നവംബര്‍ മുതല്‍ രാജ്യത്തുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകര്‍ വിശ്വസിക്കുന്നു.
ഗവേഷകരുടെ അഭിപ്രായത്തില്‍, വൈറസിന്റെ ഇന്ത്യന്‍ വിഭാഗത്തിലെ ഏറ്റവും പുതിയ പൊതുപൂര്‍വ്വികന്‍ (എംആര്‍സിഎ) 2019 ഡിസംബര്‍ 11ഓടെ രാജ്യത്തെത്തിയിരുന്നു. നവംബര്‍ 26നും ഡിസംബര്‍ 25നും ഇടയില്‍ തെലങ്കാനയിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വൈറസ് പടര്‍ന്നിട്ടുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
എന്നാല്‍ അക്കാലത്ത് വലിയ തോതിലുള്ള കൊറോണ വൈറസ് പരിശോധനകള്‍ നടന്നിട്ടില്ലാത്തതിനാല്‍ തന്നെ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ വഴിയാണോ ഇത് ഇന്ത്യയിലെത്തിയത് എന്ന കാര്യം വ്യക്തമല്ല. കേരളത്തില്‍ കണ്ടെത്തിയ വൈറസ് വിഭാഗത്തിന് ചൈനയിലെ വുഹാനിലെ വൈറസുമായായിരുന്നു ബന്ധം. എന്നാല്‍ ഹൈദരാബാദില്‍ തിരിച്ചറിഞ്ഞ വൈറസ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്താണ് ഉത്ഭവിച്ചതെന്നാണ് കരുതുന്നത്.
ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജി (സിസിഎംബി), മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ശാസ്ത്രജ്ഞര്‍ കേരളത്തിലെ വൈറസില്‍ നിന്ന് ഒരു വേറിട്ട വിഭാഗത്തെ കണ്ടെത്തിയിരുന്നു.ഇന്ത്യയിലെ മറ്റൊരു കൊറോണ വൈറസ് വിഭാഗമാകട്ടെ ഡിസംബര്‍ 13 മുതല്‍ ജനുവരി 22 വരെയുളള കാലത്ത് പ്രചരിച്ചിരുന്നതായും കണക്കാക്കുന്നു.