കൊറോണയെ ആക്രമിക്കാനുള്ള മര്‍മസ്ഥാനം കണ്ടെത്തി ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ സംബന്ധിച്ചിടത്തോളം അതിന്റെ പുറമേയുള്ള മുനകളോട് കൂടിയ പ്രോട്ടീന്‍ അത്യന്തം പ്രധാനപ്പെട്ടതാണ്. മനുഷ്യ കോശങ്ങളില്‍ കയറാന്‍ വൈറസിനെ സഹായിക്കുന്നത് ഈ സ്‌പൈക് പ്രോട്ടീനാണ്. അതുകൊണ്ടുതന്നെ നമ്മുടെ സോപ്പ് പതയാകട്ടെ, ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ചികിത്സകളാകട്ടെ, പലപ്പോഴും ഈ സ്‌പൈക് പ്രോട്ടീനുകളെയാണ് ലക്ഷ്യമിടുന്നത്.

ഈ സ്‌പൈക് പ്രോട്ടീനെ ആക്രമിക്കാന്‍ പറ്റിയ ഒരു പുതിയ മര്‍മസ്ഥാനം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. കോവിഡ് ചികിത്സയില്‍ ഈ കണ്ടെത്തല്‍ നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.
മനുഷ്യരിലെ കോശങ്ങളുമായി സാര്‍സ് കോവ്2 ഒട്ടിപിടിക്കുന്നത് സ്‌പൈക് പ്രോട്ടീനിലെ ഒരു നിര്‍ദ്ദിഷ്ട ബന്ധന ഇടം വഴിയാണ്. ഈ ഇടത്ത് നിന്നും 10 നാനോമീറ്റര്‍ മാറി ഒരു പോസിറ്റീവ് ചാര്‍ജുള്ള ഇടം ഗവേഷകര്‍ കണ്ടെത്തി. പോളിബേസിക് ക്ലീവേജ് സൈറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. നെഗറ്റീവ് ചാര്‍ജുള്ള മനുഷ്യ കോശ റിസപ്റ്ററുകളുമായി വൈറസിന് ശക്തമായ ബന്ധനം ഉണ്ടാക്കാന്‍ ഈ പോളിബേസിക് ക്ലീവേജ് സൈറ്റ് സഹായിക്കുന്നു.

ഈ പോസിറ്റീവ് ചാര്‍ജുള്ള ഇടവുമായി ബന്ധിപ്പിക്കാന്‍ ഒരു നെഗറ്റീവ് ചാര്‍ജുള്ള കണികയെ അവതരിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ വൈറസിനെ മനുഷ്യ കോശവുമായി ബന്ധനം സാധ്യമല്ലെന്ന് ഗവേഷകര്‍ പറയുന്നു. പോളി ബേസിക് ക്ലീവേജ് സൈറ്റിനെ ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യുന്നതിന് ഒരു മരുന്ന് രൂപകല്‍പന ചെയ്യാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ ഗവേഷകര്‍. എസിഎസ് നാനോ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

SHARE